തിരുവല്ല : മികച്ച സേവനങ്ങൾ നൽകി വള്ളംകുളം ജനകീയ ആരോഗ്യ കേന്ദ്രം കായകൽപ് അവാർഡ് നേടി ജില്ലയിൽ ഒന്നാമതെത്തി. ജില്ലയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ 91.7% മാർക്ക് നേടിയാണ് ഇരവിപേരൂർ പഞ്ചായത്തിലെ ഈ ആരോഗ്യകേന്ദ്രം മുന്നിലെത്തിയത്. പ്രശസ്തിപത്രവും ഒരുലക്ഷംരൂപയും കരസ്ഥമാക്കി. കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർ ജനകീയാരോഗ്യ കേന്ദ്രമാണ് 84.2% മാർക്കോടെ രണ്ടാംസ്ഥാനത്ത്. കുളനട പഞ്ചായത്തിലെ മാന്തുക ജനകീയാരോഗ്യ കേന്ദ്രം 80% മാർക്ക് നേടി മൂന്നാമതെത്തി. വൈവിധ്യമായ സേവനങ്ങളാണ് വള്ളംകുളത്ത് വരുന്ന രോഗികൾക്ക് നൽകിവരുന്നത്. മുപ്പത് സെന്റിൽ വിശാലമായ സ്ഥലത്ത് പ്രവർത്തിക്കുന്ന ജനകീയാരോഗ്യ കേന്ദ്രത്തിൽ കുടിവെള്ള സൗകര്യം, മുലയൂട്ടൽ കേന്ദ്രം, ശുചിത്വ മികവ്, ശിശുസൗഹൃദ പ്രതിരോധ മരുന്ന് വിതരണ കേന്ദ്രം, യോഗ പ്രവർത്തനങ്ങൾ, ജിംനേഷ്യം, കുട്ടികളുടെ കളിസ്ഥലം, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായി ചേർന്ന് ഖരമാലിന്യ, ദ്രവ്യ സംസ്കരണം ഒരുക്കിയതുമെല്ലാം അവാർഡ് നേടാൻ സഹായിച്ചു. മികച്ചനേട്ടം കൈവരിക്കാൻ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും ജനപ്രതിനിധികളെയും പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള അഭിനന്ദിച്ചു.