rathnaabhayi-
രത്നാ ഭായി

അടൂർ : ആയിരത്തോളം ശിൽപ്പങ്ങളും അഞ്ഞൂറിൽപ്പരം ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗായിക കൂടിയായ ടി.കെ.രത്നാഭായി നൂറാം വയസിന്റെ നിറവിൽ അഞ്ചാം തലമുറയോടൊപ്പം പിറന്നാൾ ആഘോഷത്തിലാണ്.

100 വർഷത്തിലേറെ പഴക്കമുള്ള വീടിന്റെ ചുവരുകളും ഷെൾഫുകളും നിറയെ രത്നാഭായി തയ്യാറാക്കിയ ശില്പങ്ങളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കളിമൺ ശില്പങ്ങൾ, നൂല് ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങൾ, ഫാബ്രിക് പെയിന്റ് ചിത്രരചന തുടങ്ങിയവയാണ് പ്രധാനമായും ഉള്ളത്. കൊല്ലം പരവൂർ ഗൗരി നിവാസിൽ കുഞ്ചുനാഥന്റെയും ഗൗരിയുടെയും മകളായി 1924 ൽ രത്നാഭായി ജനിച്ചു. ബാല്യത്തിൽ സംഗീതത്തോടായിരുന്നു ഏറെ താല്പര്യം. പ്രശസ്ത സംഗീത സംവിധായകാൻ ജി.ദേവരാജനോടൊപ്പമായിരുന്നു സംഗീത പഠനം. എന്നാൽ വ്യവസായിയായ കെ.കരുണാകരന്റെ പത്നിയായി പത്തനംതിട്ട വള്ളിക്കോട്ടേക്ക് എത്തിയശേഷം സാഹചര്യങ്ങളാകെ മാറി. സംഗീതപഠനം മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. തുടർന്ന് ഒഴിവ് സമയങ്ങളിൽ കളിമൺ ശില്പങ്ങൾ ഒരുക്കാനും നൂലുകൊണ്ട് ചിത്രപ്പണികൾ ചെയ്യാനും തുടങ്ങി. ഭർത്താവിന്റെ പിന്തുണ കൂടിയായതോടെ പിന്നീടത് ജീവിതത്തിന്റെ തന്നെ ഭാഗമായി. 92 വയസുവരെ സജീവമായി ചിത്രപ്പണികൾ തുടർന്നു. കളിമണ്ണിൽ ദൈവങ്ങളുടെ ശില്പങ്ങൾ, മഹാകവി ശക്തിഭദ്രന്റെ ശില്പം, ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ചിത്രം, നൂലുകൊണ്ട് തയ്യാറാക്കിയ ഷാജഹാനും മുംതാസും, ഹംസവും ദമയന്തിയും അങ്ങനെ എണ്ണിയാൽ തീരാത്ത കലാസൃഷ്ടികൾ ഒരുക്കിയിട്ടുണ്ട്. കളിമണ്ണിൽ തയ്യാറാക്കിയ മള്ളിയൂർ ഗണപതിയുടെ ശിൽപ്പം ക്ഷേത്രത്തിൽ സമർപ്പിച്ചു.

രാഷ്ട്രീയത്തിലും കൈവച്ച രത്നാഭായി വള്ളിക്കോട് ഗ്രാമപ്പഞ്ചായത്തിൽ 16 വർഷം പഞ്ചായത്തംഗമായിരുന്നു. രത്നാഭായിയുടെ സഹോദരൻ രമേശന് പേരിട്ടത് ശ്രീനാരായണ ഗുരുദേവൻ ആയിരുന്നു. പരേതനായ കെ.കെ.രത്നകുമാർ (ഹണി), കെ.കെ.രാജേന്ദ്രൻ, സുധ എന്നിവരാണ് മക്കൾ. ഡാളി, ഷീല, മുൻ പത്തനംതിട്ട എസ്.പി പി.ശ്രീനിവാസ് എന്നിവരാണ് മരുമക്കൾ. കൊച്ചുമകൻ പ്രസീതിനോടൊപ്പം കുടുംബവീട്ടിൽ ആണ് താമസം.