പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ നിർദ്ദേശം നൽകി. ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. നാളെയും 15നും മഞ്ഞഅലർട്ടുമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയുണ്ടായേക്കാം. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. അടച്ചുറപ്പില്ലാത്ത മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ സുരക്ഷ മുൻനിറുത്തി മാറി താമസിക്കണം. സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ എന്നിവ സുരക്ഷിതമാക്കണം. മരങ്ങൾ വെട്ടി ഒതുക്കണം. ദുരന്തസാദ്ധ്യതാമേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കണം. ശക്തമായ മഴപെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ, മീൻപിടിക്കാനോ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ചകാണുകയോ സെൽഫിയെടുക്കുകയോ, കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാദ്ധ്യത മുൻകൂട്ടികണ്ട് തയ്യാറെടുപ്പുകൾ നടത്തണം. അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കാനും ശ്രദ്ധിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകിവീണും പോസ്റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.