പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ വെള്ളം ഉയരുന്നതിന് മുമ്പ് ആവണിപ്പാറയിലുള്ളവർ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിവയ്ക്കും. നദിയിൽ വെള്ളം ഉയർന്നുതുടങ്ങിയാൽ മറുകരയിലെത്താൻ ബുദ്ധിമുട്ടാണ്. വെള്ളത്താൽ ചുറ്റപ്പെട്ട ആവണിപ്പാറയിൽ പാലത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. എസ്റ്റിമേറ്റ് എടുത്തെങ്കിലും ട്രൈബൽ ഡയറക്ടറേറ്റിന്റെ അനുമതി ലഭിച്ചിട്ടില്ല. പി.ഡബ്ല്യു.ഡി വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ഇവർ തയ്യാറാക്കിയ എസ്റ്റിമേറ്റ് 2.5 കോടിയാണ്. ഇത്രയും തുകയ്ക്ക് സംസ്ഥാനതല അനുമതി ലഭിച്ചാൽ മാത്രമേ നിർമ്മാണം ആരംഭിക്കാൻ സാധിക്കു. ജൂണിൽ ജില്ലാ ട്രൈബൽ ഡിപ്പാർട്ട്മെന്റ് എസ്റ്റിമേറ്റ് സംബന്ധിച്ച വിവരങ്ങൾ സംസ്ഥാനാന തലത്തിൽ സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ തുടർനടപടിയായില്ല. ഈ വർഷമെങ്കിലും പാലം നിർമ്മാണം ആരംഭിക്കും എന്ന പ്രതീക്ഷയിലാണ് ആവണിപ്പാറ നിവാസികൾ.
കാടിനാൽ ചുറ്റപ്പെട്ട ആവണിപ്പാറ ഊര് അരുവാപ്പുലത്ത് നിന്ന് 25 കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ്. 34 കുടുംബങ്ങളിലായി 114 പേരുണ്ട് . അച്ചൻകോവിലാറിനോട് ചേർന്നുള്ള ഊരിലേക്ക് എത്തണമെങ്കിൽ വളളത്തിൽ പോകണം. ആറിന് കുറുകെ വലിയ വടംകെട്ടി അതിൽ വള്ളം കെട്ടിയിട്ടിരിക്കുകയാണ്. കയറിൽ പിടിച്ചുവലിച്ച് വള്ളം നീക്കിവേണം മറുകര കടക്കാൻ. കുട്ടികൾ ഉൾപ്പടെയുള്ളവർ ഇങ്ങനെയാണ് പോകുന്നത്. പട്ടിക വർഗ വകുപ്പ് നൽകിയ വള്ളമാണിത്. വെള്ളം കുറവാണെങ്കിൽ കാൽനടയായി ആളുകൾ ആറ് മുറിച്ചുകടക്കും.
--------------------
പാലത്തിന്റെ എസ്റ്റിമേറ്റ് 2.5 കോടി
യാത്രയ്ക്ക് ആശ്രയം വള്ളം
34 കുടുംബങ്ങൾ
പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പട്ടിക വർഗ വകുപ്പിന് എസ്റ്റിമേറ്റ് നൽകിയിട്ടുണ്ട്. അനുമതി ലഭിക്കാനുള്ള കാത്തിരിപ്പിലാണ്.
പി.ഡബ്ല്യു.ഡി അധികൃതർ