s-ashad
തിരുവല്ല ഡിവൈ.എസ്.പി എസ് അഷാദ്

തിരുവല്ല : കുറ്റാന്വേഷണ മികവും നേടിയ അംഗീകാരങ്ങളും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടാൻ തിരുവല്ല ഡിവൈ.എസ്.പി എസ്.അഷാദിന് തുണയായി. രണ്ടു പതിറ്റാണ്ടിലേറെയായി കാക്കിയണിഞ്ഞു നിരവധി അംഗീകാരങ്ങൾ അദ്ദേഹം സ്വന്തമാക്കി. 2003ൽ സബ് ഇൻസ്‌പെക്ടറായി പൊലീസ് സേനയിൽ പ്രവേശിച്ച അഷാദ് ഇതുവരെ 81 ഗുഡ് സർവീസ് എൻട്രികൾ നേടിയെടുത്തു. കേസന്വേഷണത്തിൽ പ്രാഗത്ഭ്യം തെളിയിച്ചതിന് 9 അനുമോദനങ്ങളും വകുപ്പ് തലത്തിൽ ലഭിച്ചു. 2009ൽ സർക്കിൾ ഇൻസ്പെക്ടറായും 2020ൽ ഡെപ്യുട്ടി പൊലീസ് സൂപ്രണ്ടായും സ്ഥാനക്കയറ്റം നേടി. കോളിളക്കം സൃഷ്ടിച്ചത് ഉൾപ്പെടെ 15ൽ അധികം കൊലപാതക കേസുകൾ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നേടിക്കൊടുത്തു. തുമ്പില്ലാത്തതും സങ്കീർണമായതും ഉൾപ്പെടെ നൂറിലധികം മോഷണ കേസുകളിൽ പ്രതികളെ കണ്ടെത്തിയതും കരിയറിലെ നേട്ടമായി . 2018ൽ മികച്ച സർക്കിൾ ഇൻസ്‌പെക്ടറായി തിരഞ്ഞെടുത്ത അഷാദിന് അപൂർവ്വമായി ലഭിക്കുന്ന സിംഗപ്പൂർ പൊലീസിന്റെ പരിശീലനം കിട്ടിയതും മികവായി. രണ്ടരവർഷം വിജിലൻസിലും ആറുമാസം ഇന്റലിജൻസിലും ഡിവൈ.എസ്.പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെടുമുടി ചാവേലിൽ വീട്ടിൽ പരേതനായ സദാനന്ദന്റെയും കെ.ജെ.രാജമ്മയുടെയും മകനാണ്. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് സമീപം തിരുവാതിര വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കുറ്റൂർ ഗവ.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ആർ.വീണയാണ് ഭാര്യ. ബിരുദ വിദ്യാർത്ഥി അനുദേവ്, അന്വിത എന്നിവർ മക്കളാണ്.