welfare

പത്തനംതിട്ട: പലതരം നികുതികളടച്ച് നട്ടംതിരിയുന്ന കെട്ടിടം ഉടമകൾക്കുമേൽ തൊഴിലാളി ക്ഷേമനിധിയുടെ പേരിൽ വൻതുക അടപ്പിക്കാൻ സമ്മർദ്ദം. 1996ലെ ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ സെസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം ഉടമകളെ പിഴിയുന്നത്. കെട്ടിടത്തിന്റെ വിസ്തീർണം കണക്കാക്കി മൊത്തം നിർമ്മാണച്ചെലവിന്റെ ഒരു ശതമാനം തൊഴിൽ വകുപ്പിന് അടയ്ക്കണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തിനാണ് നികുതി അടിച്ചേൽപ്പിക്കുന്നതെന്നാണ് നോട്ടീസ് ലഭിച്ച കെട്ടിടം ഉടമകൾ പറയുന്നത്.

വീടും മറ്റു കെട്ടിടങ്ങളും നിർമ്മിക്കുന്നവർ ലേബർ കരാർ നൽകുകയോ ദിവസക്കൂലിക്ക് തൊഴിലാളികളെ നിറുത്തുകയോ ആണ് ചെയ്യുന്നത്. നിർമ്മാണം പൂർത്തിയാക്കി വർഷങ്ങൾ കഴിയുമ്പോൾ തൊഴിലാളി ക്ഷേമനിധി സെസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് തൊഴിൽ വകുപ്പ് നോട്ടീസ് അയയ്ക്കുകയാണ്. 10 വർഷം മുൻപ് വീടുകൾ വച്ചവർക്ക് കഴിഞ്ഞ ദിവസം തൊഴിൽ വകുപ്പിന്റെ നോട്ടീസ് ലഭിച്ചു. 20 ദിവസത്തിനുള്ളിൽ നികുതി അടയ്ക്കണമെന്നാണ് നിർദ്ദേശം. ബാങ്ക് വായ്പയിലൂടെയും മറ്റ് സ്രോതസുകളിലൂടെയും പണം കണ്ടെത്തി വീടും മറ്റും നിർമ്മിച്ചു കഴിയുമ്പോഴാണ് ഉടമകളെ ഞെട്ടിക്കുന്ന തുകയുമായി നികുതി നോട്ടീസ് എത്തുന്നത്.

 40 ലക്ഷത്തിന് 40,000 രൂപ (1%)

നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനെന്ന പേരിലാണ് തൊഴിൽ വകുപ്പ് നികുതി പിരിക്കുന്നത്.

ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 80 %വും അന്യസംസ്ഥാനക്കാരാണെന്ന് തൊഴിൽ വകുപ്പ് അനൗദ്യോഗികമായി കണക്കാക്കുന്നു. ഇതിൽ വലിയൊരു വിഭാഗം ഈ മേഖലയിൽ സ്ഥിരമായി നിൽക്കുന്നവരോ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തവരോ അല്ല. ഒരു കരാറുകാരന്റെ കീഴിലും ഇവർ സ്ഥിരമായി ജോലി ചെയ്യാറില്ല. എന്നിരിക്കെയാണ് നിർമ്മാണച്ചെലവിന്റെ ഒരു ശതമാനം ആവശ്യപ്പെടുന്നത്

'' രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ക്ഷേമത്തിനാണ് നികുതി തുക വിനിയോഗിക്കുന്നത്. രജിസ്റ്റർ ചെയ്യാത്ത അന്യസംസ്ഥാനക്കാർ അപകടത്തിൽ മരിച്ചാൽ മൃതദേഹം വീട്ടിലെത്തിക്കുന്നതിന്റെ ചെലവ് തൊഴിൽ വകുപ്പ് വഹിക്കും.

- തൊഴിൽ വകുപ്പ് അധികൃതർ

കെട്ടിടം നിർമ്മിക്കുമ്പോൾ ഫീസുകൾ

1. തദ്ദേശ സ്ഥാപത്തിൽ ആപ്ളിക്കേഷൻ ഫീസ്

2. പെർമിറ്റ് ഫീസ് (പല മടങ്ങായി വർദ്ധിപ്പിച്ചത് പിൻവലിച്ചു)

3. കംപ്ളീഷൻ സർട്ടിഫിക്കറ്റ് ഫീസ്

4. വർഷം തോറും കെട്ടിട നികുതി

5. വില്ലേജ് ഓഫീസിൽ ഒറ്റത്തവണ നികുതി

6. തൊഴിൽ വകുപ്പിന്റെ ഒറ്റത്തവണ നികുതി