കോന്നി: ആതുര ശുശ്രൂഷയിൽ ജില്ലയുടെ വലിയ പ്രതീക്ഷയായ കോന്നി മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രി പേരിൽ മാത്രം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾക്ക് ഇനിയും പരിഹാരമായിട്ടില്ല. ആധുനിക സംവിധാനങ്ങളില്ലാത്ത മെഡിക്കൽ കോളേജ് ആശുപത്രി കാടിനോട് ചേർന്ന് വിജനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയാണ്.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ബസില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. മലയോര ജനത കൂടുതലായി ആശ്രയിക്കുന്നത് ബസുകളെയാണ്. ജില്ലയിൽ മറ്റെല്ലാഭാഗത്തേക്കും സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടെങ്കിലും കോന്നി മെഡിക്കൽ കോളേജിലേക്ക് കുറവാണ്. ആകെയുള്ള നാല് ബസുകൾ ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞ് സർവീസ് വെട്ടിക്കുറയ്ക്കും. ഉച്ചയ്ക്ക് ശേഷം അടിയന്തര ആവശ്യങ്ങൾക്ക് മെഡിക്കൽ കോളേജിൽ എത്തണമെങ്കിലും ഏറെനേരം കാത്തുനിൽക്കണം. അല്ലെങ്കിൽ ഒാട്ടോറിക്ഷകളെ ആശ്രയിക്കണം.വീടുകളും കടകളും അകലെയാണ്. രാത്രിയിൽ സാമൂഹ്യ വിരുദ്ധരെയും മദ്യപരെയും മെഡിക്കൽ കോളേജ് റോഡിൽ കാണാറുണ്ടെന്ന് രാത്രി ഷിഫ്ടിൽ ജോലിക്കെത്തുന്നവർ പറയുന്നു. വട്ടമൺ മുതൽ മെഡിക്കൽ കോളേജ് ആശുപത്രി വരെയുള്ള റോഡിന്റെ ഇരുവശത്തും പൊന്തക്കാടുകളാണ്. ഇവിടെ സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തതിനാൽ റോഡിന്റെ ഇരുവശത്തും മാലിന്യം തള്ളുന്നത് പതിവാണ്. മാലിന്യം ഭക്ഷിക്കാൻ കാട്ടുപന്നികൾ സ്ഥിരമായി റോഡ് വശങ്ങളിലെത്തുന്നു. പന്നികൾ വാഹനങ്ങൾക്ക് കുറുകെ ചാടി അപകട ഭീഷണിയുണ്ടാക്കുന്നതായും ജീവനക്കാർ പറഞ്ഞു.
കാട്ടുപന്നി മുതൽ കാട്ടുപോത്തുവരെ
വനത്തോട് ചേർന്ന പ്രദേശത്തായതിനാൽ വന്യമൃഗ ശല്യം രൂക്ഷമാണ്. മൃഗങ്ങൾ ആശുപത്രി പരിസരത്താണ് താവളമടിക്കുന്നത്. കാഷ്വാലിറ്റിയിൽ കാട്ടുപന്നി ഒാടിക്കയറിയത് അടുത്തിടെയാണ്. വനിതാ ജീവനക്കാർ ഭയന്നോടി രക്ഷപ്പെടുകയായിരുന്നു. വനിതാ ഡോക്ടർമാരും നഴ്സുമാരും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും വന്യജീവി ആക്രമണ ഭീതിയിലാണ്.രാത്രിയിൽ പ്രവേശന കവാടത്തിൽ ഉൾപ്പെടെ കാട്ടുപോത്തുകൾ തമ്പടിക്കുകയാണ്. വന്യമൃഗങ്ങൾ ആശുപത്രി വളപ്പിൽ കയറാതിരിക്കാൻ വേലി, കിടങ്ങ് തുടങ്ങിയവ നിർമ്മിച്ചിട്ടില്ല.
-----------------
വിജനമായ പ്രദേശം
ഗതാഗത സൗകര്യമില്ല
റോഡിൽ മാലിന്യം തള്ളുന്നു
സാമുഹ്യവിരുദ്ധ ശല്യം
----------------------
റോഡ് നവീകരിക്കണം
മെഡിക്കൽ കോളേജിലേക്കുള്ള മുരിങ്ങമംഗലം - വട്ടമൺ - പയ്യനാമൺ 4.6 കിലോമീറ്റർ റോഡ് നവീകരണം അനിവാര്യമാണ്. ഇതിനുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികൾ പുരോഗമിക്കുന്നു. മെഡിക്കൽ കോളേജിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ നേരത്തെ നാലുവരി പാത നിർമ്മിച്ചിട്ടുണ്ട്.
------
കാട്ടുപന്നികൾ സ്ഥിരമായി എത്തുന്നുണ്ട്. ചുറ്റുമതിൽ, കിടങ്ങുകൾ തുടങ്ങിയവ നിർമ്മിക്കുകയാണ് പരിഹാരം. കെട്ടിടങ്ങളുടെ പണി പൂർത്തിയായെങ്കിൽ മാത്രമേ ഇത് സാദ്ധ്യമാകൂ.
ആശുപത്രി ജീവനക്കാർ