photo

കോന്നി : കോന്നി- അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ കെ യു ജനീഷ് കുമാർ എം .എൽ .എ വനം വകുപ്പിന് നിർദ്ദേശം നൽകി. എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് നിർദ്ദേശം. കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ കോന്നി നിയോജക മണ്ഡലത്തിലെ 16 കിലോമീറ്റർ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം. തകർന്ന കലുങ്കും ജീർണാവസ്ഥയിലുള്ള മൂന്നു കലുങ്കുകളും പുനർ നിർമ്മിക്കണം. തകർന്നു കിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് കേരള റോഡ് ഫണ്ട് ബോർഡിനെ ചുമതലപ്പെടുത്തണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. കിഫ്ബിയിൽ നിന്നും 85 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അച്ചൻകോവിൽ- പ്ലാപ്പള്ളി റോഡിന്റെ ഭാഗമാണ് കല്ലേലി- അച്ചൻകോവിൽ വനപാത. റോഡ് നിർമ്മാണത്തിനായി 10 മീറ്റർ വീതിയിൽ വനഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർണ്ണമാകാത്ത സാഹചര്യത്തിൽ അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാനാണ് നിർദ്ദേശം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി അമ്പിളി, കോന്നി ഡി..എഫ്. ആയുഷ് കുമാർ കോറി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഐവി ജേക്കബ്, അസി. ഡി.എഫ്.ഒ നിതീഷ് കുമാർ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി പുഷ്പവല്ലി, രേഷ്മ മറിയം റോയ്,രാജഗോപാലൻ നായർ, ആനി സാബു തോമസ്, പ്രീജ പി നായർ, പി ആർ പ്രമോദ്, രജനി ജോസഫ്, എൻ.നവനിത്ത് , ആർ മോഹനൻ നായർ, ഷാജി. കെ സാമുവൽ, ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ജെ ജയിംസ്, അരുവാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

വന്യമൃഗശല്യത്തിന് പരിഹാരം വേണം

വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ- കോന്നി ഡി.എഫ്. ഒ എന്നിവർ സംയുക്ത പരിശോധന നടത്തി പദ്ധതി സർക്കാരിക്ക് സമർപ്പിക്കണം.മലയാലപ്പുഴ, കല്ലേലി ഭാഗങ്ങളിൽ ജനവാസ മേഖലകളിൽ ഇറങ്ങുന്ന ആനകളെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വനപാലകർ നടപടി സ്വീകരിക്കണം. കൊക്കത്തോട്, പാടം, കല്ലേലി, കുളത്തുമൺ, പൂമരുതിക്കുഴി ഭാഗങ്ങളിൽ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം ഒരുക്കുന്നതിന് സംരക്ഷണവേലികൾ സ്ഥാപിക്കണം. കല്ലേലി പാലത്തിനോട്‌ ചേർന്ന് അപ്രോച് റോഡിലെ എക്സ്പാൻഷൻ ജോയിന്റിൽ ഉണ്ടായ വിള്ളൽ പരിഹരിക്കണം.

കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ 16 കിലോമീറ്റർ റോഡ് നന്നാക്കണം