പത്തനംതിട്ട : മലയോര മേഖലയിലെ യാത്രാക്ളേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സിയും പെരുനാട് ഗ്രാമപഞ്ചായത്തും ചേർന്ന് കഴിഞ്ഞ വർഷം ആരംഭിച്ച ഗ്രാമവണ്ടി നിറുത്തലാക്കും. ബസിന്റെ ഡീസൽ ചെലവായി പെരുനാട് പഞ്ചായത്ത് ഏഴര ലക്ഷം രൂപ കുടിശിക വരുത്തി. പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്തു നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സർവീസ് നിറുത്തലാക്കൻ കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്. ഡീസൽ ചെലവ് എല്ലാ മാസവും ഇരുപതിനകം കെ.എസ്.ആർ.ടി.സിക്ക് അടയ്ക്കണമെന്നായിരുന്നു ധാരണ. അഞ്ച് മാസമായി പഞ്ചായത്ത് പണം അടയ്ക്കുന്നില്ല. വൻതുക കുടിശിക വരുത്തിയതുകൊണ്ട് സർവീസ് നിറുത്തലാക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. കുടിശിക തുക അടിയന്തരമായി പിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ചീഫ് ഒാഫീസിൽ നിന്ന് പത്തനംതിട്ട ഡിപ്പോ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എട്ടുമാസം കൃത്യമായി പണം അടച്ചുകൊണ്ടിരുന്ന പഞ്ചായത്ത് തുടർന്ന് വീഴ്ച വരുത്തുകയായിരുന്നു. ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ആന്റണി രാജുവാണ് ജില്ലയിലെ ഏക ഗ്രാമവണ്ടി തുലാപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തത്. ആഘോഷമായി നടന്ന പരിപാടിയിൽ അദ്ദേഹവും റാന്നി എം.എൽ.എ പ്രമോദ് നാരായണനും ബസിൽ യാത്ര ചെയ്തിരുന്നു. രാവിലെ ഏഴിന് അരയാഞ്ഞിലിമണ്ണിൽ നിന്ന് ആരംഭിക്കുന്ന സർവീസ് രാത്രി എട്ടുമണിയോടെ അരയാഞ്ഞിലിമണ്ണിൽ അവസാനിക്കും.
കുടിശികയായത് 5മാസം, തുക 7.5 ലക്ഷം രൂപ
കെ.എസ്.ആർ.ടി.സിക്ക് ഡീസൽ ചെലവ് ഒരു മാസം 1.5ലക്ഷം
ഒരു മാസത്തെ ശരാശരി വരുമാനം 1.2ലക്ഷം
ഗ്രാമ വണ്ടി തുടങ്ങിയത് 2023 ജൂലയ് 22ന്
ദൂരം : 260 കിലോമീറ്റർ
ബസ് റൂട്ട് : അരയാഞ്ഞിലിമൺ, മുക്കൂട്ടുതറ, കിസുമം, തുലാപ്പള്ളി, ഇലവുങ്കൽ, ളാഹ, പെരുനാട്, മുക്കം, വലിയകുളം, റാന്നി, ഉതിമൂട്, മണ്ണാരക്കുളഞ്ഞി, മൈലപ്ര, പത്തനംതിട്ട, വടശേരിക്കര, പെരുനാട്, മാമ്പാറ, മണിയാർ, കൂനംകര, മണപ്പുഴ, കോളമല, പുതുക്കട, കണ്ണനുമൺ, പെരുനാട്, വടശേരിക്കര, ബംഗ്ളാംകടവ്, ചെറുകുളഞ്ഞി, ഐത്തല, റാന്നി, വലിയകുളം, മുക്കം, പെരുനാട്, ളാഹ, പ്ളാപ്പള്ളി, തുലാപ്പള്ളി, കിസുമം, അരയാഞ്ഞിലിമൺ.
പ്ളാൻ ഫണ്ടിൽ നിന്നുള്ള പണമാണ് കെ.എസ്.ആർ.ടി.സിക്ക് നൽകുന്നത്. ഫണ്ടിന്റെ കുറവുണ്ട്. മാർച്ച് മാസം മുതലുള്ള തുക അടയ്ക്കാനുണ്ട്.
പഞ്ചായത്ത് അധികൃതർ