
ശബരിമല: ശബരിമലയിലെ താന്ത്രിക കർമ്മങ്ങൾ നിർവഹിക്കാൻ തന്ത്രി കണ്ഠര് രാജീവരർക്കൊപ്പം മകൻ ബ്രഹ്മദത്തനും ഇന്നലെ സന്നിധാനത്തെത്തി. ചിങ്ങമാസ പൂജകൾക്കായി ഇന്നലെ വൈകിട്ട് നടതുറന്നപ്പോൾ ബ്രഹ്മദത്തനും സോപാനത്തുണ്ടായിരുന്നു.
തന്ത്രി കണ്ഠരര് മോഹനരുടെ മകൻ കണ്ഠര് മഹേഷ് മോഹനരും കണ്ഠര് രാജീവരരുടെ മകൻ ബ്രഹ്മദത്തനുമാണ് താഴമൺ കുടുംബത്തിലെ ഇളമുറക്കാർ. ഇരുവരും ഒരുമിച്ചാണ് താന്ത്രികവിദ്യകൾ പഠിച്ചതെങ്കിലും കണ്ഠര് മഹേഷ് മോഹനരാണ് ശബരിമലയിൽ ആദ്യം താന്ത്രിക പൂജകൾക്കായി എത്തിയത്. മുത്തച്ഛൻ കണ്ഠര് മഹേശ്വരരെ പൂജകളിൽ സഹായിക്കാനായിരുന്നത്. മഹേശ്വരര് പ്രായാധിക്യത്തിന്റെ അവശതകളിലായതോടെ 2015ൽ ഇരുപത്തിരണ്ടാമത്തെ വയസിൽ മഹേഷ് മോഹനര് താന്ത്രിക ചുമതലകൾ ഏറ്റെടുത്തു.
ചെന്നൈ മൈലാപ്പൂർ കോളേജിൽ നിന്ന് സംസ്‌കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ മഹേഷ് മോഹനര് കോഴിക്കോട് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ശിക്ഷണത്തിലാണ് പൂജാവിധികൾ പഠിച്ചത്. നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയായ ബ്രഹ്മദത്തൻ അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റിന്റെ ലീഗൽ വിഭാഗത്തിലെ ജോലി രാജിവച്ചാണ് താന്ത്രിക ചുമതലകൾ നിർവഹിക്കാനെത്തിയത്. 2023ലെ കർക്കടക മാസത്തിൽ ബ്രഹ്മദത്തൻ ശബരിമലയിൽ പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചിരുന്നു.
കണ്ഠരര് കൃഷ്ണരര്, കണ്ഠരര് നീലകണ്ഠരര്, കണ്ഠരര് മഹേശ്വരര് എന്നീ സഹോദരൻമാരാണ് നേരത്തെ ഓരോവർഷം വീതം ശബരിമലയിൽ പൂജകൾക്ക് കാർമ്മികത്വം വഹിച്ചിരുന്നത്. കൃഷ്ണരരുടെ പിൻഗാമിയായി മകൻ രാജീവരര് എത്തി. നീലകണ്ഠരർക്ക് ആൺകുട്ടികൾ ഇല്ലാത്തതിനാൽ താന്ത്രിക അവകാശം നഷ്ടപ്പെട്ടു. മഹേശ്വരരുടെ പിൻഗാമിയായി മോഹനരരും തന്ത്രിയായി. മോഹനരർക്ക് പകരമാണ് മകൻ മഹേഷ് മോഹനര് ചുമതലയേറ്റത്. ബ്രഹ്മദത്തൻ കൂടി എത്തിയതോടെ ശബരിമല താന്ത്രിക പരമ്പരയിലെ തലമുറമാറ്റം പൂർണമാകും.