വി കോട്ടയം: ആമ്പാടിയിൽ ഗ്രാനൈറ്റ്സ് കമ്പനി തുറന്നു പ്രവർത്തിക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ രംഗത്ത്. ജോലിയില്ലാത തങ്ങൾ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഷമിക്കുകയാണെന്നും കമ്പനി ഇനിയും തുറക്കാതിരുന്നാൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും തൊഴിലാളികൾ പറയുന്നു. സർക്കാരിന്റെ എല്ലാ അനുമതി സർട്ടിഫിക്കറ്റുകളുമായി 1997 മുതൽ പ്രവർത്തിച്ചുവരുന്ന വ്യവസായ സ്ഥാപനമാണിത്. ഇവിടെ പരിസ്ഥിതി പ്രശ്‌നങ്ങളെന്തെങ്കിലും ഉള്ളതായി അധികൃതർ ചൂണ്ടിക്കാണിച്ചിട്ടില്ല. ചിലർ കമ്പനിക്കെതിരെ നിരന്തരം പരാതികൾ അയച്ചതിന്റെ പേരിൽ താത്കാലിക നിരോധന ഉത്തരവ് കൊടുക്കുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ക്വാറി പ്രവർത്തനവും തുടർന്നുകൊണ്ടിരുന്നു. സർക്കാർ ഭൂമി കൈയേറി പാറ പൊട്ടിക്കുന്നു എന്നാണ് ഇപ്പോഴത്തെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ അന്വേഷണം നടത്തി. തർക്ക പ്രദേശങ്ങൾ മുഴുവൻ അളന്നുതിരിച്ച് വേലി കെട്ടി. തുടർന്നു ക്വാറി പ്രവർത്തനം നടന്നുവന്നപ്പോൾ ഗ്രാമ രക്ഷാ സമിതിയുടെ പരാതികളുടെ അടിസ്ഥാനത്തിൽ വീണ്ടും കമ്പനി അടയ്ക്കേണ്ടിവന്നു. ഇതോടെ പ്രത്യക്ഷമായും പരോക്ഷമായും ആമ്പാടിയിൽ ഗ്രാനൈറ്റ്‌സിന്റെ പ്രവർത്തനംകൊണ്ട് ജീവിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടണിയുടെ വക്കിലായി. അതിനാലാണ് പാറമട തുറന്നുപ്രവർത്തിക്കണമെന്ന ആവശ്യവുമായി സമരരംഗത്തിറങ്ങിയത്. ജില്ലയിലെ പൊതുപ്രവർത്തകരുടെ പിന്തുണ തൊഴിലാളികൾക്കാണ്. അതുകൊണ്ടാണ് സി.ഐ.ടി.യു നേതാവ് രാജു ഏബ്രഹാം ഉൾപ്പെടെയുള്ളവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥലത്ത് എത്തിയതെന്ന് തൊഴിലാളി പ്രതിനിധികളായ ടി. അശോക് കുമാറും കെ.രാജേഷ് കുമാറും പറഞ്ഞു.