പ്രമാടം : പ്രമാടത്തെ വലഞ്ചുഴിയുമായി ബന്ധിപ്പിക്കുന്ന തണുങ്ങാറ് പാലം റോഡിലെ പൊന്തക്കാട് നാട്ടുകാരുടെയും യാത്രക്കാരുടെയും പേടി സ്വപ്നമാകുന്നു. പാഴ്മരങ്ങളും കാടും വളർന്ന് വനമായി മാറിക്കൊണ്ടിരിക്കുന്ന ഇവിടം ഇപ്പോൾ കാട്ടുപന്നിയുടെയും തെരിവുനായ്കളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമാണ്. പ്രമാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ പ്രദേശം. പ്രമാടത്തെയും വലഞ്ചുഴിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തണുങ്ങാറ് വലിയ തോടിന് കുറുകെയുള്ള ചെറിയ പാലമാണിത്. വലഞ്ചുഴി ദേവീക്ഷേത്രത്തിലേക്കുള്ള എളുപ്പവഴികൂടിയാണിത്. പുലർച്ചെയും സന്ധ്യയ്ക്കും നിരവധി ഭക്തരാണ് ഇതുവഴി കടന്നുപോകുന്നത്. ഇതിന് പുറമെ നിരവധി സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള നാട്ടുകാരും സഞ്ചരിക്കുന്നുണ്ട്. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും നേരെ കാട്ടുപന്നികളും നായ്കളും ആക്രമണം നടത്തുന്നത് പതിവായിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ് പൊന്തക്കാട് രൂപപ്പെട്ടിരിക്കുന്നത്. നാട്ടുകാർ ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതികൾ നൽകിയിട്ടുണ്ടെങ്കിലും സ്വകാര്യ വ്യക്തിയുടെ വസ്തുവായതിനാൽ തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇത്തരം കാടുകൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം വസ്തു ഉടമയ്ക്ക് നൽകാൻ പഞ്ചായത്തിന് അധികാരമുണ്ട്. കാടു വളർന്നതോടെ ഇരുളിന്റെ മറവിൽ ഇവിടെ മാലിന്യ നിക്ഷേപവും വർദ്ധിച്ചിട്ടുണ്ട്. തണുങ്ങാറ് തോട് തൊട്ടടുത്തുള്ള അച്ചൻകോവിലാറ്റിലേക്കാണ് ചെന്നു ചേരുന്നത്. ഇതിന് താഴെയായി കുടിവെള്ള പദ്ധതിയുമുണ്ട്. പ്രദേശത്തെ ഭീതിയിലാഴ്ത്തുന്ന പൊന്തക്കാട് വെട്ടിത്തെളിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.