പത്തനംതിട്ട : കുടുംബശ്രീയുടെ ഓണം സംസ്ഥാന പ്രദർശന വിപണന മേള സെപ്തംബർ 10 മുതൽ 14 വരെ ജില്ലയിൽ നടക്കും. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിൽ 7500 സ്ക്വയർ ഫീറ്റിൽ 50 സ്റ്റാളുകളും 5000 സ്ക്വയർ ഫീറ്റിൽ അഞ്ച് ഫുഡ് കോർട്ടുകളും വേദിയും ഒരുക്കും. സെമിനാറുകളും സാംസ്കാരിക പരിപാടികളും ഉണ്ടാകും. സെപ്തംബർ 7ന് വിളംബര ജാഥ നടത്തും. ജില്ലയിലെ സി.ഡി.എസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അൻപത് സ്റ്റാളുകളാണ് സംസ്ഥാന വിപണന പ്രദർശന മേളയിൽ അണിനിരക്കുന്നത്.
40 ലക്ഷം ചെലവ്
അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഓണം മേളയ്ക്ക് 40 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് അധികൃതർ പറയുന്നത്. കൃഷി, കുടുംബശ്രീയുടെ വിവിധ സംരംഭങ്ങളിലെ ഉൽപന്നങ്ങൾ, മത്സരങ്ങൾ, നാടൻ കലാമത്സരങ്ങൾ എന്നിവയുണ്ടാകും. കാർഷിക വിളകളും പച്ചക്കറികളും സ്പെഷ്യൽ പ്രോജക്ടായ ചില്ലി വില്ലേജ് ഉൽപന്നങ്ങളും മേളയിലുണ്ടാകും.
ഹോം ഷോപ്പ് ലോഞ്ചിംഗ്
കുടുംബശ്രീയുടെ ഉൽപന്നം വാങ്ങാൻ താൽപര്യമുള്ളവർക്ക് വീട്ടിൽ സാധനം എത്തിച്ച് കൊടുക്കാനുള്ള ഓൺലൈൻ സംവിധാനം ആണ് ഹോം ഷോപ്പ്. ഇതിന്റെ ലോഞ്ചിംഗും മേളയിൽ നടക്കും. പതിനായിരം രൂപ വരെ കമ്മിഷൻ വ്യവസ്ഥയിൽ ഓർഡർ അനുസരിച്ച് ലഭിക്കുന്ന പദ്ധതിയാണിത്. വിവിധ ഉൽപന്നങ്ങൾക്കായി അഞ്ച് മുതൽ 15 ശതമാനം വരെ കമ്മിഷൻ ലഭിക്കും. ജില്ലയിൽ 75 സ്ത്രീകൾ ജോലി ചെയ്യാൻ മുമ്പോട്ട് വന്നിട്ടുണ്ട്. കുടുംബശ്രീയുടെ ആറ് ബ്രാൻഡ് ഉൽപന്നങ്ങളുടെ ലോഞ്ചിംഗും നടക്കും.
ഓണച്ചന്തകൾ ആരംഭിക്കും
സംസ്ഥാന വിപണനമേളയോടൊപ്പം ജില്ലയിലെ 58 സി.ഡി.എസുകളിലായി ഓണച്ചന്തകളും ആരംഭിക്കും. ഒരു പഞ്ചായത്തിൽ രണ്ട് ഓണച്ചന്തകളും നഗരസഭകളിൽ നാല് ഓണച്ചന്തകളുമാണ് ഉണ്ടാകുക.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾക്കും പരിപാടികൾക്കും നിയന്ത്രണം ഉണ്ടാകും.
എസ്.ആദില,
കുടുംബശ്രീ ജില്ലാ കോഒാർഡിനേറ്റർ
സെപ്തംബർ 10 മുതൽ 14 വരെ,
പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിൽ