കോന്നി : മലയാലപ്പുഴയിൽ പ്രധാന അദ്ധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി വിഷ്ണുനായരെ റിമാൻഡ് ചെയ്തു. മലയാലപ്പുഴ കോഴികുന്നം കെ.എച്ച്.എം.എൽ.പി.എസിലെ പ്രധാന അദ്ധ്യാപിക ഗീതാരാജാണ് പരാതിക്കാരി. ബുധനാഴ്ച വൈകിട്ട് 3.45 നാണ് സംഭവം. സ്കൂളിൽ പി.ടി.എ യോഗം കഴിഞ്ഞ ഉടനെ വിഷ്ണുനായർ ബഹളംവച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഗീതാരാജ് പറഞ്ഞു. കഴിഞ്ഞ ജൂണിലും സമാനസംഭവമുണ്ടായിരുന്നു. അന്ന് പൊലീസിലും പഞ്ചായത്തിലും വനിതാസെല്ലിലുമെല്ലാം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ബുധനാഴ്ച ഇയാൾ വീണ്ടും എത്തിയപ്പോൾ പൊലീസിൽ വിളിച്ച് അറിയിച്ചു. കഴിഞ്ഞ ദിവസം യുവാവിന്റെ അടിയേറ്റ് അദ്ധ്യാപിക വീണതോടെ കുട്ടികൾ ബഹളംവെച്ചു. പിന്നീട്, പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതേ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് പ്രതി. കണ്ണിന് പരിക്കേറ്റ് ഗീതാരാജ് പത്തനംതിട്ടയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സതേടി.