bin

പത്തനംതിട്ട : വിവിധ ഓഫീസ് സമുച്ചയങ്ങളിൽ പോർട്ടബിൾ ബയോബിൻ സ്ഥാപിച്ച് നഗരസഭ. കളക്ടറേറ്റ്, ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ച ബയോ ബിന്നുകൾ ഉദ്ഘാടനം ചെയ്തു.

ഓഫീസ് സമുച്ചയത്തോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ സംസ്‌കരണ യൂണിറ്റിൽ മാലിന്യം എത്തിച്ച് വളമാക്കി മാറ്റുന്നതാണ് പദ്ധതി. ഓഫീസുകളിൽ സ്ഥാപിക്കുന്ന ബിന്നുകളിൽ ജൈവമാലിന്യം ശേഖരിച്ച് അതത് ദിവസം സംസ്‌കരണ യൂണിറ്റിലെ ബിന്നിൽ എത്തിച്ച് ആവശ്യമായ അളവിൽ ഇനോകുലം ചേർക്കും. ഹരിത കർമ്മ സേനയുടെ കൃത്യമായ ഇടപെടലിൽ തയ്യാറാക്കുന്ന വളം നഗരസഭയുടെ ബയോപാം എന്ന ബ്രാൻഡിൽ വിൽപ്പന നടത്തും.

കളക്ടറേറ്റിൽ സ്ഥാപിച്ച ബയോബിൻ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ആർ.സാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് എ. ജാസിംകുട്ടി, ഡെപ്യൂട്ടി കളക്ടർ എസ്.ബീന തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ റോസ്ലിൻ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി വി.അജിത് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, പ്രതിപക്ഷ നേതാവ് എ.ജാസിംകുട്ടി, എ.എസ്.പി ആർ.ബിനു, എ.സി.പി എം.സി.ചന്ദ്രശേഖരൻ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് തുടങ്ങിയവർ പങ്കെടുത്തു.

മിനി സിവിൽ സ്റ്റേഷനിൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ജെറി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ നിഫി എച്ച്.ഹക്ക്, പ്രോഗ്രാം ഒാഫീസർ അജയ്.കെ.ആർ, ക്ലീൻ സിറ്റി മാനേജർ വിനോദ് കുമാർ, മാലിന്യമുക്തം നവകേരളം ജില്ലാ കോ‌‌ർഡിനേറ്റർ അജിത്ത് കുമാർ, കെ.എസ്.ഡബ്ല്യു എം പി സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ എക്‌സ്‌പേർട്ട് ശ്രീവിദ്യ.എം.ബി, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ദിലീപ്, പ്രോഗ്രാം നോഡൽ ഓഫീസർ മഞ്ചു പി.സക്കറിയ, ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡന്റ് ഷീനാബീവി, സെക്രട്ടറി ബിന്ദു.കെ, ഗ്രീൻ വില്ലേജ് സീനിയർ പ്രോജക്ട് കോർഡിനേറ്റർ കെ.എസ്.പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.