പത്തനംതിട്ട: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയനിലെ ശാഖകളുടെ സംയുക്ത ഘോഷയാത്ര 20ന് നടക്കും. ഉച്ചയ്ക്ക് 2ന് അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയിൽ പീതാംബരധാരികളായ പതിനായിരക്കണക്കിന് ശ്രീനാരായണീയർ പങ്കെടുക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനാ നിർഭരമായ ഘോഷയാത്രയായിരിക്കും ഇത്തവണ നടത്തുകയെന്ന് എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സെൻട്രൽ ജംഗ്ഷനും, സെന്റ് പീറ്റേഴ്സ് ജംഗ്ഷനും കടന്ന് കളക്ടറേറ്റിനു സമീപമുള്ള ഗുരുക്ഷേത്രത്തിൽ ഘോഷയാത്ര എത്തുമ്പോൾ വയനാട് ദുരന്തത്തിന്റെ സ്മരണയായി സർവ്വമത പ്രാർത്ഥന നടത്തും. ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഓരോ ശ്രീനാരായണീയരും കാണിക്ക യായി സമർപ്പിക്കുന്നതുക സംഭരിച്ച് ശാഖാ ഭാരവാഹികൾ യൂണിയനിൽ ഏൽപ്പിക്കും. വൈകിട്ട് 4 പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ (ശ്രീനാരായണ നഗർ) നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, ആന്റോ ആന്റണി എം.പി., അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ. ജില്ലാ പൊലീസ് ചീഫ് വി. അജിത്, മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മ കുമാർ, സെക്രട്ടറി ഡി.അനിൽ കുമാർ, എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി റ്റി.പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, ഡയറക്ടർ ബോർഡ് അംഗം സി.എൻ. വിക്രമൻ എന്നിവർ പ്രസംഗിക്കും. പത്രസമ്മേളത്തിൽ ടി.പി സുന്ദരേശൻ, ഡി. അനിൽകുമാർ, സുനിൽ മംഗലത്ത്, ജി.സോമനാഥൻ, കെ.ആർ.സലിലനാഥ്, പി.കെ പ്രസന്നൻ, എസ്.സജിനാഥ്, വി. സലിംകുമാർ എന്നിവർ പങ്കെടുത്തു.