പത്തനംതിട്ട: സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ ചുമതല സി.കെ.ശശിധരൻ ഒഴിയണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യമുയർന്നു. ഒളിക്യാമറ ആരോപണത്തിൽ ശശിധരനെതിരായ പരാതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി.രാജേന്ദ്രൻ, കമല സദാനന്ദൻ എന്നിവരുടെ കമ്മിഷൻ അന്വേഷിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. അന്വേഷണം തീരുംവരെ കോട്ടയത്തിന്റെ സംഘടനാ ചുമതലയിൽ നിന്ന് ശശിധരനെ കഴിഞ്ഞ ദിവസം ഒഴിവാക്കി. ഇൗ സാഹചര്യത്തിൽ പത്തനംതിട്ടയിലെ സെക്രട്ടറിയുടെ ചുമതല അദ്ദേഹം ഒഴിയണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടത് വാക്കുതർക്കത്തിനിടയാക്കി. ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കാൻ ശശിധരന് ധാർമിക അവകാശമില്ലെന്ന് അംഗങ്ങൾ വാദിച്ചു. നടപടിയുണ്ടായില്ലെങ്കിൽ സജീവ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പു നൽകി. ജില്ലാ എക്‌സിക്യുട്ടീവ് അംഗം കുറുമ്പകര രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കാതിരുന്നതും അംഗങ്ങളുടെ വിമർശനത്തിന് ഇടയാക്കി.
ജില്ലയിലെ പാർട്ടിക്കുളളിൽ ഏറെക്കാലമായി വിഭാഗീയത പ്രവർത്തനങ്ങൾ ശക്തമാണ്. പാർട്ടി നിർജീവമാണെന്ന് പ്രവർത്തകർക്ക് ആക്ഷേപമുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കാര്യമായ സംഭാവന നൽകാൻ പാർട്ടിക്ക് കഴിഞ്ഞെല്ലെന്ന് അവലോകന യോഗങ്ങൾ വിലയിരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ചുമലതകളിൽ നിന്ന് നേതാക്കൾ അകറ്റപ്പെട്ടു. ജില്ലയിലെ മുന്നണിയിൽ സി.പി.എം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ശക്തിയെന്ന പേര് പാർട്ടിക്ക് നഷ്ടമായെന്ന് അണികളിൽ അഭിപ്രായമുണ്ട്.
ജില്ലാ സെക്രട്ടറിയുടെ ചുമതല ശശിധരൻ ഒഴിയണമെന്ന് യോഗത്തിൽ ആരും ആവശ്യപ്പെട്ടില്ലെന്ന് സി.പി.എെ ജില്ലാ നേതൃത്വം പറഞ്ഞു. ശശിധരനെതിരായ ആരോപണം പന്ത്രണ്ട് വർഷം മുൻപ് ഉയർന്നതാണ്. ഇതുസംബന്ധിച്ച് പരാതി ലഭിച്ച പ്പോൾ അന്വേഷിക്കുകയാണ്. പാർട്ടിയെ ദുർബലപ്പെടുത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി.