പത്തനംതിട്ട : മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ 22, 23 തീയതികളിൽ നടക്കുന്ന സമ്മേളനങ്ങളോടെ സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അയിരൂർ ചായൽ മാർത്തോമ്മാ പളളിൽ 22ന് വൈകുന്നേരം 6.30ന് ഉണർവ്വ് കൺവെൻഷനും 23ന് രാവിലെ 7.30ന് വിശുദ്ധ കുർബാനയും 10.30ന് സമാപന സമ്മേളനവും ചേരും. കൺവെൻഷനിൽ എ.ടി.സഖറിയാ സംസാരിക്കും. സംഘം പ്രസിഡന്റ് മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. 23ന് രാവിലെ 7.30ന് സംഘം മുൻ പ്രസിഡന്റ് ഡോ. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌കോപ്പാ വിശുദ്ധ കുർബാന അനുഷ്ഠിക്കും. 10.30ന് സമാപന സമ്മേളനം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പ അദ്ധ്യക്ഷനാകും. യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പൊലീത്താ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മുഖ്യപ്രഭാഷണം നടത്തും.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ആദ്ധ്യാത്മിക സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞതായി സംഘം പ്രസിഡന്റ് മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പയും ജനറൽ സെക്രട്ടറി പി.സി.ജയിംസും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈസ് പ്രസിഡന്റ് അനിയൻകുഞ്ഞ് പുല്ലാട്, അസി. സെക്രട്ടറി ബാബുക്കുട്ടി നാരകത്താനി, ട്രഷറർ കോരുത് സാമുവേൽ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സജു ജോൺ, കൺവീനർ തോമസ് ചെറിയാൻ കുരിശുംമൂട്ടിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.