പത്തനംതിട്ട : ജില്ലാ പൊലീസ് മേധാവിയായി എസ്.സുജിത് ദാസ് ചുമതലയേറ്റു. ക്രമസമാധാനപാലനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ സ്പെഷ്യൽ ഓഫീസറായി നിയമിതനായ വി.അജിത്തിൽ നിന്ന് അദ്ദേഹം അധികാരച്ചുമതല ഏറ്റെടുത്തു. തീവ്രവാദ വിരുദ്ധവിഭാഗം എറണാകുളം എസ്.പി ആയിരിക്കെയാണ് പുതിയ നിയമനം. കോട്ടയം മുട്ടമ്പലം സ്വദേശിയായ സുജിത് ദാസ് 2015 ബാച്ച് ഐ.പി.എസ് ഓഫീസറാണ്. മുമ്പ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്നു. കസ്റ്റംസ് ഇൻസ്‌പെക്ടറായി ജോലി നോക്കിയിട്ടുണ്ട്. അന്വേഷണമികവിനുള്ള പ്രസിഡന്റിന്റെ മെഡൽ 2021 ൽ കരസ്ഥമാക്കി. അഡിഷണൽ എസ്.പി ആർ.ബിനു, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജി.സുനിൽ കുമാർ, സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരായ എസ്.അഷാദ്, ആർ.ജയരാജ്, ടി.രാജപ്പൻ, ജി.സന്തോഷ്‌കുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചുമതലയേറ്റത്.