b-vbv

പത്തനംതിട്ട : വയനാട്ടിലെ മേപ്പാടിയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ സമഗ്രപുനരധിവാസമാണ് സർക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. 78ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടന്ന ജില്ലാതല ആഘോഷത്തിൽ ദേശീയപതാക ഉയർത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.

വയനാട് ദുരന്തത്തിൽ ഒരുപാട് പ്രിയപ്പെട്ടവരെ നഷ്ടമായി. വിവിധ ക്യാമ്പുകളിലായി 1500 ൽ അധികം ആളുകൾ സർക്കാർ സംരക്ഷണത്തിൽ കഴിയുന്നു. അവരുടെ മനസിൽ നിന്നും ഭയം മാറേണ്ടതുണ്ട്. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ അവരെ പ്രാപ്തമാക്കുന്നതിന് കേരളം ഒരുമിച്ച് ഐക്യത്തോടെ കൈകോർത്ത് നിലകൊള്ളുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസം കിട്ടുന്ന പെൻഷൻ തുക നൽകിയ അമ്മമാരും കുടുക്കപൊട്ടിച്ച് പണം നൽകിയ കൊച്ചുകൂട്ടുകാരും കിട്ടിയ പുതിയ ഉടുപ്പുകൾ വയനാട്ടിലെ കൂട്ടുകാർക്കായി നൽകിയ സർക്കാർ സംരക്ഷണത്തിൽ കഴിയുന്ന കുരുന്നുകളുമാണ് നമ്മൾക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

പൊലിസ്, എക്‌സൈസ്, വനം വകുപ്പുകളുടേയും ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, വിദ്യാർത്ഥി പൊലിസ്, റെഡ് ക്രോസ് തുടങ്ങിയവയുടേയും പ്ലറ്റൂണുകൾ മന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചു. സാംസ്‌കാരിക പരിപാടികളും ദേശഭക്തി ഗാനാലാപനവും നടന്നു. വിവിധ ഇനങ്ങളിൽ വിജയികളായവർക്ക് മന്ത്രി സമ്മാനങ്ങൾ നൽകി.

ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പൊലിസ് മേധാവി വി.അജിത്ത്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ സിന്ധു ജോൺസ്, ഡെപ്യൂട്ടി കളക്ടർ ബീനാ എസ്.ഫനീഫ് തുടങ്ങിയവർ പങ്കെടുത്തു.