കോന്നി: പ്രാദേശിക കാർഷിക വിളകളിൽ നിന്ന് നാടൻ രുചിക്കൂട്ടുകളൊരുക്കുന്ന കർഷക കഫെ വകയാർ കൊല്ലൻപടിയിൽ തുടങ്ങി. അരുവാപ്പുലം കൃഷിഭവന്റെ കീഴിലെ കൃഷിക്കൂട്ടങ്ങളുടെ ഉല്പന്നങ്ങളാണ് തനതായും വിവിധ മൂല്യ വർദ്ധിത വിഭവങ്ങളായും കഫേയിൽ ലഭ്യമാകുന്നത്. പുതുതലമുറയ്ക്ക് അന്യമാകുന്ന പഴയ നാടൻ രുചികളെ തിരികെപ്പിടിക്കാൻ ഒരുങ്ങുകയാണ് ഈ കർഷക കൂട്ടായ്മ. കുത്തരിക്കഞ്ഞി, ചക്കപ്പുഴുക്ക്, കൂട്ടുപുഴുക്ക്, ഹണി കോള, വിവിധതരം ചമ്മന്തികൾ, തെരളിയപ്പം, ഇലയട, ചുക്കുകാപ്പി, ലെമൺ ചായ, പുതിന ചായ എന്നിവയാണ് തുടക്കത്തിൽ ഇവിടെ ലഭിക്കുന്നത്. കൃഷിക്കൂട്ടത്തിലെ അംഗങ്ങളുടെ അടുക്കയിൽ പാകംചെയ്ത് കഫേയിൽ എത്തിക്കുന്നതിനായി എഫ്.എസ്.എസ്.ഐ രജിസ്ട്രേഷനും എടുത്തിട്ടുണ്ട്. 39 കൃഷിക്കൂട്ടങ്ങളിൽ നിന്ന് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനുമായി രൂപീകൃതമായ ഒൻപതുപേരുള്ള എ.പി.എൽ.എം കൃഷിക്കൂട്ടമാണ് സഭയുടെ നടത്തിപ്പുകാർ. ആത്മ ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി അനുവദിച്ചുകിട്ടിയ വെഞ്ചർ ക്യാപ്പിറ്റൽ ഫണ്ടായ 50000 രൂപ ഉപയോഗിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഈ കഫെയോടൊപ്പം ആരംഭിച്ച വിപണിയിൽ കാപ്പിപ്പൊടി, മഞ്ഞൾപ്പൊടി, അരുവാപ്പുലം മുളകുപൊടി, കുത്തരി, ചക്ക, കപ്പ ഉല്പന്നങ്ങൾ തുടങ്ങിയ നാടൻ കാർഷിക വിഭവങ്ങൾ വിൽക്കുവാനും വാങ്ങുവാനും അവസരമുണ്ട്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ധനസഹായം നൽകുന്നുണ്ട്. രാവിലെ 8 മുതൽ വൈകിട്ട് 7 വരെയാണ് കഫെയുടെയും വിപണിയുടെയും പ്രവർത്തനം. നന്ത്യാട്ട് ജോസഫ്, മണ്ണിൽ പുത്തൻവീട്ടിൽ പി വി രാജൻ, സാംകുട്ടി, ലിജി വർഗീസ്, ശ്രീലത, സതി ദേവി, പ്രിയങ്ക, അമ്പിളി പ്രസാദ് എന്നിവരാണ് നേതൃത്വം നൽകുന്നത്. .കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.