പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ ഹാജി സി. മീരാസാഹിബ് സ്മാരകബസ് സ്റ്റാൻഡ് യാർഡ് ആദ്യഘട്ടം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. ഇന്ന് മുതൽ സ്റ്റാൻഡിൽ നിന്ന് ബസുകൾ സർവീസ് തുടങ്ങും. പഴയ തറയിൽ നിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കി ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് സ്‌പെസിഫിക്കേഷൻ അനുസരിച്ച് ജി.എസ്.പി, വെറ്റ് മിക്‌സ് എന്നിവ നിറച്ച് മുകളിൽ ഇന്റർലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് യാർഡ് ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥ വെല്ലുവിളി ആകാതിരിക്കാൻ വിപുലമായ ഡ്രയിനേജ് സംവിധാനമാണ് യാർഡിനോടൊപ്പം തയ്യാറാക്കിയിരിക്കുന്നത്.
നിലവിലെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ രണ്ട് ഘട്ടമായി നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ 30 ശതമാനം പ്രവൃത്തിയാണ് പൂർത്തിയാക്കേണ്ടത്. സ്റ്റാൻഡിന്റെ ശേഷിക്കുന്ന ഭാഗം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പൂർത്തിയാക്കുക, കെട്ടിടത്തിന്റെ നവീകരണം, മുകൾനിലയുടെ നിർമ്മാണം, ബസ് സ്റ്റാൻഡിനോട് ചേർന്ന് വിശാലമായ പാർക്കിംഗ് സൗകര്യം, ഹാപ്പിനസ് പാർക്ക്, ഡ്രൈവ് വേ, നടപ്പാത എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്‌പെഷ്യൽ അസിസ്റ്റൻസ് പദ്ധതി പ്രകാരമാണ് യാർഡ് നിർമ്മാണം പൂർത്തിയാക്കുന്നത്.
നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ യാർഡ് നാടിന് സമർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷമീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ അജിത് കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിരാമണിയമ്മ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, പ്രതിപക്ഷ നേതാവ് എ. ജാസിംകുട്ടി, കൗൺസിലർമാർ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നഗരസഭയും കുടുംബശ്രീയും സമാഹരിച്ച തുക ജില്ലാ കളക്ടർക്ക് കൈമാറി. യാർഡിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനവും നടത്തി.
ബസ് സ്റ്റാൻഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റില്ല എന്ന് കരുതപ്പെട്ടിരുന്ന വലിയ പ്രതിസന്ധിക്കാണ് കൃത്യമായ പരിശോധനയും പഠനവും ശാസ്ത്രീയ നിർമ്മാണവും നടത്തി പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
അഡ്വ. ടി. സക്കീർ ഹുസൈൻ
നഗരസഭാ ചെയർമാൻ