ശബരിമല: സന്നിധാനത്തെ ഭസ്മക്കുളം പുതിയസ്ഥലത്തേക്ക് മാറ്റുന്നതിനുള്ള സ്ഥാനനിർണയം ഇന്ന് രാവിലെ 7.30ന് വാസ്തുശാസ്ത്ര വിജ്ഞാനകേന്ദ്രം അദ്ധ്യക്ഷൻ കെ. മുരളീധരൻ നിർവഹിക്കും. ഉച്ചയ്ക്ക് 12നും 12.30നും മദ്ധ്യേ പുതിയ ഭസ്മക്കുളത്തിനായുള്ള തറക്കല്ലിടൽ നടക്കും. തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തറക്കല്ലിടൽ കർമ്മം നിർവഹിക്കും. ദേവസ്വം ബോർഡ് അംഗം എ.അജികുമാർ പങ്കെടുക്കും. സന്നിധാനം വടക്കേ നടയിലായിരുന്നു നേരത്തെ ഭസ്മക്കുളം. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്. തപസ്വിനിയും കന്യകയുമായ ശബരി യാഗാഗ്നിയിൽ ദഹിച്ച സ്ഥലത്ത് ആ സ്മരണയ്‌ക്കെന്ന സങ്കൽപ്പമാണ് ഭസ്മക്കുളം.