തിരുവല്ല : നാല് വർഷമായി കാത്തിരിക്കുന്ന തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഒ. പി കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ തുടങ്ങി. സംസ്ഥാന സർക്കാർ ബഡ് ജറ്റിൽ പ്രഖ്യാപിച്ച് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ള താലൂക്ക് ആശുപത്രിയിലെ ഒ പി ബ്ലോക്ക് നിർമ്മാണത്തിന് മുന്നോടിയായാണ് ടെൻഡർ ക്ഷണിച്ചത്. 2021ലെ സംസ്ഥാന ബഡ്ജറ്റിലാണ് ഒ പി കെട്ടിടത്തിന് 20 ശതമാനം തുക അനുവദിച്ചത്. കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിന്റെ ടെൻഡർ ജോലികൾ പോലും തുടങ്ങാത്തതിനെതിരെ കേരളകൗമുദി കഴിഞ്ഞമാസം റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടികൾ വേഗത്തിലായത്.
15 കോടി ചെലവിൽ മൂന്ന് നിലകളിലായി 32,000 ചതുരശ്ര അടിയിലാണ് പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണം. 10,200 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് ഓരോ നിലയും. മൂന്നാം നിലയുടെ മുകൾ ഭാഗം റൂഫ് ചെയ്യുന്നത് ഉൾപ്പെടെ അടങ്ങുന്നതാണ് പദ്ധതി. കെട്ടിട നിർമ്മാണം, ഇലക്‌ട്രിക്കൽ ജോലികൾ, ഇലക്‌ട്രോണിക്‌സ് ജോലികൾ എന്നിവയ്ക്കെല്ലാം കൂടിയാണ് തുക. ഒന്നാം നിലയിൽ ഒ പി മുറി, എക്‌സ് റേ, സ്‌കാനിങ്, കാത്തിരിപ്പ് സ്ഥലം തുടങ്ങിയവയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. രണ്ടാം നിലയിൽ ഡോക്‌ടർ റൂം, നഴ്‌സ് മുറി, വിവിധ വിഭാഗങ്ങളുടെ പരിശോധന മുറികൾ എന്നിവയും മൂന്നാം നിലയിൽ വിശ്രമ മുറി, വയോമിത്ര മുറി, ലാബ്, ഡൈനിങ് റൂം, കിച്ചൺ എന്നിവയും ഉൾപ്പെടുന്നു. കൂടാതെ ഒന്നാം നിലയിൽ നിന്ന് നിലവിലുള്ള ഐ പി ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന പാലവും നിർമ്മിക്കും. ടെൻഡർ സമർപ്പിക്കാനുള്ള സമയം ഈ മാസം 19 വരെയാണെന്ന് മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു.