kavarcha

ചെങ്ങന്നൂർ : ഡോക്ടർ ദമ്പതികളുടെ വീട്ടിൽ നിന്ന് അമ്പത് പവൻ സ്വർണ്ണവും ഇരുപതിനായിരം രൂപയും കവർന്ന കേസിൽ പ്രതിയെ പൊലീസ് പിടികൂടി. കോട്ടയം വടവാതൂർ കോട്ടക്കുഴി വീട്ടിൽ ജെ.മാത്തുകുട്ടിയെ (32)ആണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. വിരലടയാളവിദഗ്‌ദ്ധരും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒരുതുമ്പും ലഭിക്കാതിരുന്ന കേസിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത് മുമ്പുണ്ടായിട്ടുള്ള സമാനരീതിയിലെ മോഷണക്കേസിലെ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്.

ഡോ.സിഞ്ചുവും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന പരുത്തിയത്ത് വീട്ടിൽ കഴിഞ്ഞ പത്തിനാണ് മോഷണം നടന്നത്. ഡോ.സിഞ്ചുവും ഭാര്യയും രാവിലെ ജോലിക്ക് പോയി, വൈകിട്ട് 8 മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. രാത്രി ഏഴിനും ഒമ്പതിനും ഇടയിലുള്ള സമയം മോഷണം നടത്തി മടങ്ങുന്നതായിരുന്നു മാത്തുക്കുട്ടിയുടെ ശൈലി. 2017ൽ മോഷണക്കേസിൽ പിടിയിലായ ഇയാൾ, പുറത്തിറങ്ങി നിരവധി മോഷണങ്ങൾ നടത്തിയെങ്കിലും പിടിക്കപ്പെട്ടിട്ടില്ല. മാത്തുക്കുട്ടിയെ പിടികൂടാൻ അന്വേഷണസംഘം കൊല്ലത്ത് എത്തിയപ്പോഴേക്കും പ്രതി അവിടെനിന്ന് കോട്ടയത്തേക്ക് കടക്കാൻ ശ്രമിച്ചു. പ്രതിയുടെ നീക്കം മനസിലാക്കി ചെങ്ങന്നൂർ പൊലീസ് ഇൻസ്പെക്ടർ എ.സി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലകടവ് പാലത്തിന്റെ ഇരുവശവും ബ്ലോക്ക് ചെയ്തു പിടികൂടാൻ ശ്രമിക്കവേ പാലത്തിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് സാഹസികമായിട്ടാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ എസ്‌.പി എം.കെ.ബിനു കുമാറിന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻ.എ.സിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. എസ്.ഐമാരായ പ്രദീപ്.എസ്, രാജീവ്.സി, എ.എസ്.ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്‌ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്‌കർ, സിവിൽ പൊലീസ് ഓഫീസർമാരായ ജിജോ സാം, രതീഷ്‌കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.