മല്ലപ്പള്ളി: തിരുവല്ല- മല്ലപ്പള്ളി റൂട്ടിൽ യാത്രക്കാരെ ഭീതിയിലാക്കി സ്വകാര്യ ബസുകളുടെ മത്സരയോട്ടം. നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണങ്കിലും അധികൃതർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആക്ഷേപം. മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്ന് കൃത്യസമയത്ത് പുറപ്പെടുന്ന ബസുകൾ പിന്നെ ഇഴഞ്ഞാണ് നീങ്ങുന്നത്. ആവശ്യമില്ലാതെ മിനിറ്റുകളോളം ഓരോ സ്റ്റോപ്പുകളിലും നിറുത്തിയിടുകയാണ്. തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് മൂശാരിക്കവല വരെ എത്തുന്നതിന് 15 മിനിറ്റോളം സമയം എടുക്കുന്നു.പിന്നിൽ സർവീസ് നടത്തുന്ന ബസ് കണ്ടതിനു ശേഷമാണ് വേഗത കൂട്ടുന്നത് പിന്നെ മരണ പാച്ചിലാണ്. യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും വരെ മിന്നൽ വേഗതയും.ഇത് അപകടങ്ങൾക്ക് കാരണമാകാം. ഈ റൂട്ടിൽ മിക്ക ബസുകളും പത്തും പതിനഞ്ചും മിനിറ്റ് വ്യത്യാസത്തിലാണ് സർവീസുകൾ നടത്തുന്നത്. മറ്റ് ബസുകളുടെ സമയമെടുത്താണ് ഓരോ ബസിന്റെയും സർവീസ്. സമയ കൃത്യത പാലിക്കാതെയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ജീവനക്കാർ തമ്മിൽ അസഭ്യം പറച്ചിലും വാഹനങ്ങൾ തമ്മിൽ ഉരസലും പതിവാണ് .
....................................
ജീവൻ പണയം വച്ചാണ് തിരുവല്ല- മല്ലപ്പള്ളി റൂട്ടിൽ യാത്രക്കാർ ബസിൽ കയറുന്നതും യാത്ര ചെയ്യുന്നതും.സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാരുമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന് അധികൃതർ തയാറാകണം
(യാത്രക്കാർ)