
പത്തനംതിട്ട : മൂന്നുപതിറ്റാണ്ട് മുമ്പ് തുടങ്ങിയ പത്തനംതിട്ട സുബല പാർക്ക് നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ പാതി വഴിയിൽ നിലച്ചതോടെ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ ഇടപെടൽ. പട്ടികജാതി വികസന വകുപ്പിന്റെ സുബലാ പാർക്ക്, രണ്ടാംഘട്ട നിർമ്മാണം ഉടൻ തുടങ്ങുമെന്നും കൺവെൻഷൻ സെന്റർ ഒരു മാസത്തിനകം പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുബല പാർക്കിലെ നിർമ്മാണ പ്രവൃത്തികളും ഭാവി പ്രവർത്തനങ്ങളും പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥരുമായി കളക്ടർ ചർച്ചചെയ്തു. പാർക്ക് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൺവെൻഷൻ സെന്റർ ഹാൾ, അടുക്കള, വാഷ് റൂം എന്നിവയുടെ റീ - വയറിംഗ്, പ്ലംബിംഗ്, അറ്റകുറ്റപണികൾ എന്നിവയ്ക്കും ഫർണിച്ചറുകൾ വാങ്ങുന്നതിനുമായി വകുപ്പിന്റെ ജില്ലാ കോർപ്പസ് ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിന് തീരുമാനമായി. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പ്രവൃത്തികളുടെ ചുമതല.
യോഗത്തിൽ സബ്കളക്ടർ സഫ്ന നസറുദ്ദീൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഇ.എസ്.അംബിക, അസി.ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്.ദിലീപ്, പട്ടികജാതി വികസന വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസർ എം.ഹുസൈൻ, ജോയിന്റ് ഡയറക്ടർ ജോസഫ് ജോൺ, സൗത്ത് സോൺ ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ, നിർമിതി കേന്ദ്രം പ്ലൊജക്ട് മാനേജർ ആർ.മായ എന്നിവർ പങ്കെടുത്തു.
പ്രതീക്ഷയോടെ തുടങ്ങി
പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാണ് സുബലാ ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. ഏറെ പ്രതീക്ഷ നൽകിയ പദ്ധതി പക്ഷേ അധികൃതരുടെ അലംഭാവം മൂലം ഒന്നാംഘട്ടത്തിൽ തന്നെ നിലച്ചു.
വിഭാവനം ചെയ്തത്
ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫി ഏരിയ, കുളം നവീകരണം, ബോട്ടിംഗ്, എക്സിബിഷൻ സ്‌പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ.
4.5 കോടിയുടെ പദ്ധതി
3 ഘട്ടങ്ങളായി നിർമ്മാണം
2021ൽ ഒന്നാംഘട്ടം പൂർത്തിയായി
2.94 കോടി ചെലവഴിച്ചു