പത്തനംതിട്ട : ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ആരംഭിച്ച ബസ് സർവീസ് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് ഉള്ളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി അടൂരിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി സർവീസ് ഫ്ളാഗ് ഓഫ് ചെയ്തശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, കുളനട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി സാം, സാറാമ്മ കുഞ്ഞുകുഞ്ഞ്, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ തോമസ് മാത്യു, ക്ഷേത്രം പ്രസിഡന്റ് ഹരികുമാർ, സെക്രട്ടറി അജി, ഖജാൻജി അനിൽകുമാർ എന്നിവർ പങ്കെടുത്തു.
സർവീസ് ഇങ്ങനെ: പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് രാവിലെ 7.30ന് പുറപ്പെട്ട് ചെന്നീർക്കര ഐ.ടി.ഐ, അമ്പലക്കടവ്, ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാണിൽ, പനങ്ങാട്, കുളനട, പന്തളം വഴി അടൂരിൽ എത്തും. തിരികെ ഒൻപതിന് അടൂരിൽ നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ പത്തനംതിട്ടയിലേക്ക്.