തിരുവല്ല : ആദ്ധ്യാത്മികതയ്ക്ക് മൂല്യച്യുതി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ശ്രീനാരായണ ധർമ്മത്തിലൂടെ ദിശാബോധം വളർത്തിയെടുക്കാൻ സാധിക്കണമെന്ന് കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ ബാലജനയോഗം, രവിവാര പാഠശാല അദ്ധ്യാപകർക്കുള്ള പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ അടിമകളായി മാറുന്ന പുതുതലമുറയ്ക്ക് സ്നേഹബന്ധങ്ങളുടെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാകാൻ ഗുരുദർശനങ്ങൾ വഴികാട്ടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, സരസൻ ഓതറ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കൺവീനർ ഷൈലജാ മനോജ്, ബാലജനയോഗം കോർഡിനേറ്റർ പ്രസന്നകുമാർ, എംപ്ലോയീസ് ഫോറം കോർഡിനേറ്റർ ഷാൻ രമേശ് ഗോപൻ എന്നിവർ സംസാരിച്ചു.