പത്തനംതിട്ട : കൊടുമണ്ണിലെ ഓട നിർമ്മാണ വിവാദത്തിൽ ആരോഗ്യ മന്ത്രിയുടെ ഭർത്താവിനെതിരെ പരസ്യമായി ആരോപണം ഉന്നയിച്ച കൊടുമൺ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ.ശ്രീധരനെ പാർട്ടി താക്കീത് ചെയ്തു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് നടപടി. അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച് ഒാട പണി തടസപ്പെടുത്തി, കോൺഗ്രസിന്റെ വാദം അംഗീകരിച്ച് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി തുടങ്ങിയവയാണ് കെ.കെ.ശ്രീധരനെതിരായ കുറ്റങ്ങൾ. പാർട്ടിയെയും മന്ത്രിയെയും ശ്രീധരന്റെ പ്രസ്താവന പ്രതിസന്ധിയിലാക്കിയെന്ന് പാർട്ടി വിലയിരുത്തി. ഏഴംകുളം - കൈപ്പട്ടുർ റോഡിന്റെ വികസന ഭാഗമായിട്ടാണ് ഓട പണി. മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിന്റെ മുന്നിൽ ഒാട റോഡിലേക്ക് വളച്ചു പണിഞ്ഞു എന്ന ആരോപണം ഉന്നയിച്ച് കെ.കെ.ശ്രീധരൻ എത്തുകയും പണി നിറുത്തിവയ്പിക്കുകയും ചെയ്തിരുന്നു. കൊടുമൺ പഴയ പൊലീസ് സ്റ്റേഷൻ മുതൽ വാഴവിള പാലം വരെയുള്ള ഭാഗത്ത് ഓടയുടെ പണിയിൽ അപാകത ഉണ്ടായതിനെ തുടർന്ന് സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്യോഗസ്ഥരുമായെത്തി പണികൾ നിറുത്താൻ നിർദേശിച്ചിരുന്നു. ഓടയുടെ അലെയ്ൻമെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയതിന് വിരുദ്ധമായി പണി നടന്നതിനാലാണ് എം.എൽ.എ ഇടപെട്ടത്.
പിറ്റേന്ന് രാവിലെ സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു സ്ഥലത്തെത്തി നിർമ്മാണം തുടരാൻ ആവശ്യപ്പെട്ടു. വീണ്ടും പണി തുടങ്ങിയപ്പോഴാണ് കെ.കെ. ശ്രീധരൻ എത്തിയത്. കെട്ടിടം ഉടമ ഒാടപണിയിൽ അനധികൃതമായി ഇടപെട്ട് അലൈൻമെന്റ് മാറ്റിയെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി സ്ഥലത്ത് കൊടി നാട്ടുകയും ചെയ്തിരുന്നു. പന്നിലെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ശ്രീധരന്റെ വാദം തള്ളി രംഗത്തുവന്നു. കൊടുമണ്ണിൽ സി.പി.എം നടത്തിയ വിശദീകരണ യോഗത്തിൽ കെ.കെ.ശ്രീധരൻ മലക്കം മറിഞ്ഞ് പാർട്ടി നിലപാടിനൊപ്പമായി.