തിരുവല്ല: ചിങ്ങപ്പുലരിയിൽ ശ്രീവല്ലഭ ക്ഷേത്രം അയോദ്ധ്യാപുരിയായി മാറി. ശ്രീരാമ പട്ടാഭിഷേകം കഥകളിയുടെ പരിസമാപ്തിയിൽ രാമരാജ്യത്തിന് സമാനമായിരുന്നു കഥകളി മണ്ഡപം. രാവണ നിഗ്രഹത്തിന് ശേഷം അയോദ്ധ്യാപുരിയിൽ തിരിച്ചെത്തിയ ശ്രീരാമനെ കിഴക്കേ സേവപന്തലിൽ നിന്ന് അശ്വരഥത്തിൽ സ്വീകരിച്ചു. വാദ്യമേളങ്ങൾക്കും താലപ്പൊലികൾക്കും നടുവിലൂടെ കടന്നുവന്ന ശ്രീരാമ സേനയെ നാമഘോഷങ്ങളോടെയാണ് ആയിരക്കണക്കിന് ഭക്തർ വരവേറ്റത്. വസിഷ്ടനായി വേഷമിട്ട തലവടി അരവിന്ദൻ ശ്രീരാമപട്ടാഭിഷേകത്തിന് മുഖ്യകാർമികത്വം വഹിച്ചു. സദനം കൃഷ്ണൻകുട്ടി ശ്രീരാമനായി വേഷമിട്ടു. സീതയായി ചമ്പക്കര വിജയകുമാർ, ഹനുമാൻ രാമചന്ദ്രൻ ഉണ്ണിത്താൻ, കലാമണ്ഡലം ദേവദാസ് (സുഗ്രീവൻ) ഫാക്ട് മോഹനൻ (വിഭീഷണൻ), കലാഭാരതി ഹരികുമാർ (ഭരതൻ), കലാകേന്ദ്രം ബാലു (ഗുഹൻ) എന്നിവർ പ്രധാന വേഷങ്ങളിലെത്തി. ചെണ്ടയിൽ കലാമണ്ഡലം കൃഷ്ണദാസ്, കലമണ്ഡലം ഉണ്ണികൃഷ്ണൻ, കലാഭാരതി ഉണ്ണികൃഷ്ണൻ, ഇടയ്ക്ക കലാമണ്ഡലം തൃപ്പൂണിത്തറ കൃഷ്ണദാസ്, വിനുകണ്ണഞ്ചിറ, മദ്ദളം കോട്ടയ്ക്കൽ രവി, കലാമണ്ഡലം പ്രകാശൻ, രാഹുൽ നമ്പീശൻ, പാട്ടിൽ കോട്ടയ്ക്കൽ മധു, കലാമണ്ഡലം സുരേന്ദ്രൻ, കലാനിലയം സിനു, മംഗലം നാരായണൻ നമ്പൂതിരി എന്നിവർ അരങ്ങുണർത്തി. ചിങ്ങോലി പുരുഷോത്തമൻ, കലാനിലയം സിജി, തിരുവല്ല പ്രദീപ് എന്നിവരായിരുന്നു ചുട്ടി. ശ്രീവല്ലഭ വിലാസം കഥകളി യോഗമാണ് അവതരണം നടത്തിയത്.