ചെങ്ങന്നൂർ: നഗരം വളർന്നെങ്കിലും നഗരത്തിൽ വരുന്നവർക്കു നഗരവീഥികളിൽ ഒരിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ഇത് വാഹനയാത്രക്കാരെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. പാർക്കിംഗിനായി പൊതു ഇടങ്ങൾ ഇല്ലാത്തതിനാൽ അത്യാവശ്യ കാര്യങ്ങൾക്കായി എത്തുന്നവരാണ് പെട്ടുപോകുന്നത് ഏറെയും. കൂടാതെ റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുണ്ട്. റോഡിന്റെ വീതിക്കുറവും സ്വകാര്യവാഹനങ്ങളുടെ പാർക്കിംഗ് കുടിയാകുമ്പോൾ മറ്റു വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. അതേ സമയം കെ.എസ്.ആർ.ടിസിയെ ആശ്രയിക്കുന്ന ദീർഘദൂര യാത്രക്കാർക്കും അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ല. അതിനാൽ തന്നെ പലപ്പോഴും ഇരുചക്ര വാഹനയാത്രക്കാർ കടയുടെ വശങ്ങളിലും മറ്റുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് കടയിലേക്ക് എത്തുന്നവർക്കും കാൽ നടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഹോംഗാർഡിന്റെ നിർദ്ദേശം പാലിക്കപ്പെടുന്നില്ല
നഗരത്തിലെ ഓടയ്ക്കു മുകളിലെ സ്ലാബുകൾക്കു മീതെയാണു നടപ്പാത. ഇതിനു മുകളിലേക്കു കയറ്റി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവാണ്. അതോടെ കാൽനടയാത്രക്കാർ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ഇത് അപകടത്തിന് ഇടയാക്കുന്നുമുണ്ട്. മിക്കപ്പോഴും വാഹനങ്ങളുടെ പാർക്കിംഗ് തോന്നുംപടിയാണ്. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ഹോംഗാർഡിന്റെ നിർദേശം അനുസരിക്കാൻ തയാറാകാത്തതാണ് മറ്റൊരു പ്രശ്നം.
.............................................
നഗരത്തിൽ പാർക്കിംഗ് ദുഷ്കരമാണ് . പ്രത്യേകിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വന്നാൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇതുകാരണം വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം കുറവാണ്. ഇതിന് അടിയന്തര പരിഹാരം കാണണം.
അനീഷ് മുളക്കുഴ