പത്തനംതിട്ട : തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പത്തനംതിട്ട, റാന്നി വഴി എറണാകുളം, തൃശൂർ, മലബാർ ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ദീർഘ ദൂര ബസുകളില്ല. റാന്നി - മല്ലപ്പള്ളി വഴിയുള്ള സർവീസാണ് യാത്രക്കാരുടെ ആവശ്യം.
ദീർഘനാളുകളായി പല കാരണങ്ങളാൽ മുടങ്ങിക്കിടന്ന കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾ മിക്കതും വിവിധ ഡിപ്പോകളിൽ നിന്ന് ആരംഭിച്ചെങ്കിലും പത്തനംതിട്ട, റാന്നി വഴി എറണാകുളം, തൃശൂർ, കോഴിക്കോട് ഭാഗത്തേയ്ക്ക് റാന്നി, മല്ലപ്പള്ളി വഴി ദീർഘദൂര സർവീസ് നടത്താൻ തയ്യാറായിട്ടില്ല.
റാന്നി, മേനാംതോട്ടം, വൃന്ദാവനം, ചാലാപ്പള്ളി, പെരുമ്പെട്ടി, എഴുമറ്റൂർ, പാടിമൺ വഴി മല്ലപ്പള്ളി റൂട്ടിലും റാന്നി, ചെട്ടിമുക്ക്, നെല്ലിക്കമൺ, കണ്ടമ്പേരൂർ, കരിയംപ്ലാവ്, ചാലാപ്പള്ളി, പെരുമ്പെട്ടി, എഴുമറ്റൂർ വഴി മല്ലപ്പള്ളി റൂട്ടിൽ കൂടിയും കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലബാർ ഭാഗത്തേയ്ക്ക് പ്രദേശത്തെ ജനങ്ങൾക്ക് നേരിട്ട് ബസിൽ പോയി വരുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
മല്ലപ്പള്ളി വഴി കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ഭാഗത്തേക്ക് കെ എസ്.ആർ.ടി.സി ബസില്ലാത്തത് കാരണം ഈ പ്രദേശത്തെ ജനങ്ങൾ റാന്നി, മല്ലപ്പള്ളി, തിരുവല്ല, കറുകച്ചാൽ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ പോയിവേണം ദീർഘദൂരയാത്ര തുടരാൻ.
'' റാന്നി - മല്ലപ്പള്ളി റൂട്ടിലൂടെ നേരിട്ട് വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ ബസ് സർവീസുകൾ ആരംഭിക്കുന്നതിന് ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി അധികൃതരും അടിയന്തര നടപടി സ്വീകരിക്കണം.
സ്ഥിരം യാത്രക്കാർ