bridge-
നിലവിലുള്ള വടശ്ശേരിക്കര പാലം

റാന്നി: വടശേരിക്കര പുതിയ പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് അന്തിമ വിജ്ഞാപനമായതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. മണ്ണാറക്കുളഞ്ഞി - ചാലക്കയം ശബരിമല പാതയിൽ വടശേരിക്കരയിൽ കല്ലാറിന് കുറുകെയുള്ള വീതികുറഞ്ഞ പഴയ പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുന്നതിന് കിഫ്ബി മുഖാന്തരം 14.06 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ പാലത്തിന്റെ ഡിസൈനിൽ മാറ്റം വരുത്തേണ്ടിവന്നത് ഉൾപ്പടെയുള്ള കാരണങ്ങൾ കൊണ്ടാണ് നടപടി വൈകിയത്.

വീതി കുറഞ്ഞ പഴയ പാലത്തിലൂടെ കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്കേ കടന്നുപോകാനാകു. വാഹനങ്ങൾ കടന്നുപോകുന്നതോടെ കാൽനട യാത്ര ബുദ്ധിമുട്ടാകും. ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതോടെ ഗതാഗത തടസം രൂക്ഷമാകും. ഇതിന് പരിഹാരമായാണ് ഇരുവശത്തും നടപ്പാതയുള്ള വീതി കൂടിയ പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. ആറ് സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി 30.92 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.