തിരുവല്ല : വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ഡി.വൈ.എഫ്ഐ നിർമ്മിച്ച നല്കുന്ന വീടുകൾക്ക് ഫണ്ട് കണ്ടെത്താനായി പിക്കപ്പ് വാൻ നൽകി. വാഹനം വിറ്റുകിട്ടുന്ന പൂർണ്ണതുകയും നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് സി.പി.എം ഏരിയ കമ്മിറ്റിഅംഗം അഡ്വ.പ്രമോദ് ഇളമണ്ണും കുടുംബവും വാഹനം നല്കിയത്. 2018ലെ പ്രളയസമയത്ത് പ്രളയ ബാധിതരായ തിരുവല്ലയിലെ വിവിധ പ്രദേശത്തെ ജനങ്ങൾക്കായി പുരോഗമന പ്രസ്ഥാനത്തിൻ്റെ പ്രവർത്തകർ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ ഈ വാഹനം ഉപകരിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്തും ജനങ്ങൾക്ക് ഉപകാരപ്രദമാർന്ന പ്രവർത്തികളിൽ സജീവമായി ഉപയോഗിച്ചിരുന്നു. പിക്കപ്പ് വാഹനം ഡി.വൈ.എഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺബാബുവിന് കൈമാറി. ഡി.വൈ.എഫ്ഐ ജില്ലാസെക്രട്ടറി ബി. നിസാം, ജില്ലാപ്രസിഡന്റ് എം.സി അനീഷ് കുമാർ, ജില്ലാ കമ്മിറ്റിഅംഗം സോനു സോമൻ, സി.പി.എം ലോക്കൽ സെക്രട്ടറി ബിജു എലുമുള്ളിൽ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ശരത് ജി, ബ്ലോക്ക് കമ്മിറ്റിഅംഗം ഷെബിൻ ഷാജി, ദിവ്യരാജ്, രാഹുൽ രഘു എന്നിവർ പങ്കെടുത്തു.