മല്ലപ്പള്ളി : ചോർന്നൊലിച്ച് നിലംപൊത്താറായ കെട്ടിടത്തിൽ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ് താലൂക്ക് ആസ്ഥാനത്തെ മൃഗാശുപത്രി. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ മേൽക്കൂര ഏത് സമയത്തും നിലം പൊത്തിയേക്കാം. മിനി സിവിൽ സ്റ്റേഷന്റെ സമീപത്ത് 33 സെന്റിലാണ് മൃഗാശുപത്രി കെട്ടിടമുള്ളത്. പുതിയ കെട്ടിടത്തിനായി ആലോചന തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇതുവരെയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ല. 2023 നവംബർ 24ന് താലൂക്ക് റഫറൽ ആശുപത്രിയായി ഉയർത്തിയിരുന്നു. എന്നാൽ ആശ്യമായ ജീവനക്കാരെ നിയമിച്ചില്ല. ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോളിന്റെ കീഴിലുള്ള ജില്ലയിലെ രണ്ടു മൊബൈൽ വെറ്റിനറി ക്ലിനിക്കുകളിൽ ഒന്നാണിത്. ഇപ്പോൾ മൃഗാശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഡോക്ടർമാരും ജീവനക്കാരുമായപ്പോൾ സൗകര്യങ്ങളുടെ കുറവ് തിരിച്ചടിയായി.
വീഴാൻ വെമ്പുന്ന കെട്ടിടം
മഴ പെയ്താൽ ഫയലുകളും മരുന്നുകളും നനയാതെ നോക്കണം. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക് പടുതാ കെട്ടിയാണ് ചോർച്ചയിൽ നിന്ന് രക്ഷപ്പെടുന്നത്. ഭിത്തികളും ബലക്ഷയത്തിലാണ്. വിള്ളൽ വീണ കെട്ടിടം ഇടിഞ്ഞുവീഴുമെന്ന ഭയവും ജീവനക്കാർക്കുണ്ട്. ജനാലകളുടെ പാളികൾ ഒന്നുപോലും ശരിയായ വിധം അടയ്ക്കാനാവില്ല. ശുചിമുറികളിൽ ഒരെണ്ണം തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. മറ്റൊരെണ്ണം തകർച്ചയുടെ വക്കിലുമാണ്. കന്നുകാലികളെ കുത്തിവയ്ക്കുന്നതിനുള്ള സ്ഥലവും ജീർണാവസ്ഥയിലായിരിക്കുന്നു.
മൃഗാശുപത്രി പ്രവർത്തനം തുടങ്ങിയത് :
1962 ജനുവരി ഒന്നിന്.
പുതിയ കെട്ടിടം നിർമ്മിച്ചാൽ മാത്രമേ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകൂ.
ക്ഷീര കർഷകർ