കോന്നി : തണ്ണിത്തോട് - കോന്നി റോഡിലെ ഞള്ളൂർ വളവിൽ അപകടങ്ങൾ പതിവായി. ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തെ കൊടുംവളവിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മുൻപ് ഈ ഭാഗത്ത് ലോറി അപകടത്തിൽപ്പട്ടെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടിരുന്നു. കാറും ബൈക്കും ഈ ഭാഗത്ത് മറിഞ്ഞും അപകടമുണ്ടായി. നിരവധി വാഹനങ്ങൾ ആണ് ഈ വഴിയിലൂടെ തണ്ണിത്തോട്, തേക്കുതോട് ഭാഗത്തേക്കും ചിറ്റാർ, സീതത്തോട് ഭാഗത്തേക്കും സഞ്ചരിക്കുന്നത്. കയറ്റവും വളവും ഒരുപോലെ വരുന്ന റോഡ് ആയതിനാൽ അപകടങ്ങളും ഏറെയാണ്. കഴിഞ്ഞദിവസം ഇവിടെ ഓട്ടോറിക്ഷ മറിഞ്ഞു മൂന്ന് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. തണ്ണിത്തോട് മേടപ്പാറ വടക്കേക്കര കുളിക്കടവുങ്കൽ കാലായിൽ നന്ദന്റെ മക്കളായ ശ്രീനന്ദ, സ്നേഹനന്ദ, റാന്നി മന്ദിരം പുന്നക്കൽ വൈഷ്ണവ് എന്നിവർക്കാണ് പരിക്കേറ്റത്. ശ്രീനന്ദനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കോന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സുരക്ഷ ബോർഡുകളും ക്രാഷ് ബാരിയറും സ്ഥാപിച്ചു അപകടസാദ്ധ്യത കുറയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.