pathanamathitta

പത്തനംതിട്ട: പ്രപഞ്ചവും പ്രകൃതിയും മനുഷ്യനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം പഠിപ്പിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സംഘടിപ്പിച്ച ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗുരുദേവ ദർശനങ്ങൾ എല്ലാവരും ഓർക്കേണ്ടതുണ്ട്.ജീവിത നെട്ടോട്ടത്തിനിടയിൽ പ്രകൃതിയെ അറിഞ്ഞാൽ ആപത്തിൽ നിന്നൊഴിവാകാം. തലമുറകളെ അതിജീവിക്കുന്നതാണ് ഗുരുവചനങ്ങൾ. ആത്മീയ, ഭൗതിക ദർശനങ്ങളുടെ സമന്വയമാണ് ഗുരുദേവന്റെ വീക്ഷണങ്ങൾ. ഇത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന വലിയ സംഘടിത ശക്തിയാണ് എസ്.എൻ.ഡി.പി യോഗം. സംസ്ഥാനത്ത് ആത്മീയതയിലൂന്നിയ നവോത്ഥാനം ലക്ഷ്യത്തിലേക്ക് അടുത്തതിൽ ഗുരുദേവനും എസ്.എൻ.ഡി.പി യോഗത്തിനും വലിയ പങ്കുണ്ട്.ദൈവദശകം എഴുതിയതിന്റെ നൂറാം വാർഷിക സമയത്ത് അതിന്റെ പതിപ്പുകൾ വെള്ളാപ്പിള്ളിയുടെ സഹായത്തോടെ

മിസോറാം രാജ്ഭവൻ ലൈബ്രറിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞുവെന്നും ശ്രീധരൻപിള്ള പറഞ്ഞു.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വീണാജോർജ് മുഖ്യപ്രഭാഷണം നടത്തി. കെ.യു.ജനീഷ് കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ, യോഗം പത്തനംതിട്ട യൂണിയൻ ചെയർമാൻ, കെ. പത്മകുമാർ, സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡംഗം സി.എൻ. വിക്രമൻ തുടങ്ങിയവർ സംസാരിച്ചു.