പത്തനംതിട്ട : എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയനിലെ വിവിധ ശാഖകളുടെ സംയുക്ത ചതയദിനഘോഷയാത്ര നഗരത്തെ പീതസാഗരമാക്കി. ഗുരുദേവ രഥത്തിന്റെയും കോന്നി എസ്.എൻ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾ നയിച്ച ബാൻഡുമേളത്തിന്റെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ യൂണിയനിലെ 53 ശാഖകളിൽ നിന്ന് എത്തിയ പീതാംബരധാരികളായ പതിനായിരക്കണക്കിന് ശ്രീനാരായണീയർ പീതവർണ കുടകളുമായി പങ്കെടുത്തു.
വയനാട് ദുരന്ത സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനാനിർഭരമായ ഘോഷയാത്രയാണ് നടന്നത്. സെൻട്രൽ ജംഗ്ഷനും സെന്റ് പീറ്റേഴ്സ് ജംഗ്ഷനും കടന്ന് കളക്ടറേറ്റിനു സമീപമുള്ള 86-ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖ ഗുരുക്ഷേത്രത്തിൽ ഘോഷയാത്ര എത്തിയതോടെ വയനാട് ദുരന്ത സ്മരണയിൽ സർവമത പ്രാർത്ഥന നടത്തി. ശിവഗിരി മഠം സ്വാമി വിശ്രുതാത്മ, മൈലപ്ര സുപ്പീരിയർ മാർ കുരിയാക്കോസ് ആശ്രമം സുപ്പീരിയർ റമ്പാൻ നത്രാനിയേൻ, സൈദ് ഫയ്സൽ എന്നിവർ സർവമത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഘോഷയാത്രയിൽ പങ്കെടുത്ത ശ്രീനാരായണീയർ കാണിക്കയായി വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമർപ്പിച്ചു.
സമാപന സമ്മേളനത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, സി.പി.എം പത്തനംതിട്ട ഏരിയാ കമ്മിറ്റി സെക്രട്ടറി എ.വി.സഞ്ജു, ഐ.എൻ.ടി.യു.സി നേതാവ് പി.കെ.ഗോപി, ബി.ജെ.പി നേതാക്കളായ വിക്ടർ ടി.തോമസ്, ടി.ആർ.അജിത് കുമാർ, ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി അംഗം അഡ്വ.കെ.എൻ.സത്യാനന്ദ പണിക്കർ, അജിത് മണ്ണിൽ തുടങ്ങിയ രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖർ പങ്കെടുത്തു. ഘോഷയാത്രയ്ക്ക് വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, എംപ്ലോയിസ് ഫോറം എന്നിവർ നേതൃത്വം നൽകി. യൂണിയൻ ഭാരവാഹികളായ ജി.സോമനാഥൻ, പി.സലിം കുമാർ, പി.കെ.പ്രസന്നകുമാർ, പി.വി.രണേഷ്, എസ്.സജിനാഥ്, കെ.ആർ.സലീലനാഥ്, ഷീലാ രവി, സരളാ പുരഷോത്തമൻ, ഗോകുൽ കൃഷ്ണ, ആനന്ദ് പി.രാജ്, ശ്രീജു സദൻ, സജീവ് സി.കെ, സുധീപ്,സുധീഷ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഘോഷയാത്ര നിയന്ത്രിച്ചു.
വയനാട് ദുരന്തബാധിതർക്കായി സർവമത പ്രാർത്ഥന, ഘോഷയാത്രയിൽ പങ്കെടുത്തവർ അർപ്പിച്ച കാണിക്ക ദുരിതാശ്വാസ നിധിയിലേക്ക്