പത്തനംതിട്ട : ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശം. നിരവധി മരങ്ങൾ കടപുഴകി വീണു. വാഴ, കപ്പ തോട്ടങ്ങളും നശിച്ചു. പതിനേഴ് പഞ്ചായത്തിൽ മരങ്ങൾ ഒടിഞ്ഞ് വീണ് നാശനഷ്ടം ഉണ്ടായി. 19 വീടുകൾ ഭാഗികമായി തകർന്നു.
കോന്നി താലൂക്കിൽ മൂന്നും തിരുവല്ല താലൂക്കിൽ ഏഴും റാന്നി താലൂക്കിൽ രണ്ടും അടൂർ താലൂക്കിൽ അഞ്ചും പഞ്ചായത്തുകളിൽ നാശ നഷ്ടം ഉണ്ടായി. കെ.എസ്.ഇ.ബിയുടെ നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. വൈദ്യുതി ബന്ധം പലയിടങ്ങളിലും താറുമാറായി.
വൈദ്യുതി നിലച്ചു
വീശിയടിച്ച കാറ്റിലും മഴയിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വൈദ്യുതി നിലച്ചു. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടുണ്ട്. ഇന്നലെ പുലർച്ചെ 2.30നും 5നും ഇടയ്ക്കായിരുന്നു കാറ്റും മഴയും. വൈകുന്നേരത്തോടെയാണ് പലയിടങ്ങളിലും വൈദ്യുതി പുന:സ്ഥാപിച്ചത്. തകരാർ പൂർണമായും പരിഹരിക്കാനായില്ല
തിരുവല്ലയിൽ രണ്ട് വീടുകൾക്ക് ഭാഗിക നാശം
തിരുവല്ല : ഇന്നലെ പുലർച്ചെ കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. പെരിങ്ങര പഞ്ചായത്ത് പതിമൂന്നാം വാർഡിലെ കണ്ണാട്ടുകുഴി ഭാഗത്ത് ആര്യാട്ട് വീട്ടിൽ എ.ജി.ചാക്കോ, കടപ്ര പതിനൊന്നാം വാർഡിൽ മറുകര വീട്ടിൽ സുരേഷ് കുമാർ എന്നിവരുടെ വീടുകൾക്കാണ് മരംവീണ് തകർച്ചയുണ്ടായത്. ചാക്കോയുടെ വീടിന്റെ മുകളിലേക്ക് തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. സമീപത്തെ വീടിന്റെ കാലിത്തൊഴുത്തും മരം വീണു തകർന്നു. അയൽവാസിയുടെ ഭൂമിയിൽ നിന്നിരുന്ന രണ്ട് തേക്കുമരങ്ങളാണ് ഇന്നലെ പുലർച്ചെ നാലരയോടെ വീശിയടിച്ച കാറ്റത്ത് കടപുഴകിയത്. സംഭവസമയം ചാക്കോയും ഭാര്യ മോളിക്കുട്ടിയും മാതാവ് ഏലിയാമ്മ ജോർജ്ജും വീട്ടിൽ ഉണ്ടായിരുന്നു. ചാക്കോയും ഭാര്യയും ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ മുകളിലേക്കാണ് മരം വീണത്. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഭിത്തിക്കും പൊട്ടലുണ്ട്. ചാക്കോയുടെ വീട്ടിലേക്കുള്ള വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. പ്രദേശത്ത് വൈദ്യുതി ബന്ധവും മുടങ്ങിക്കിടക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, വാർഡ് മെമ്പർ ചന്ദ്രു, റവന്യൂ അധികൃതർ എന്നിവർ സ്ഥലത്തെത്തി നഷ്ടങ്ങൾ വിലയിരുത്തി.
സുരേഷ് കുമാറിന്റെ വീടിന് മുകളിൽ ആഞ്ഞിലിമരം വീണാണ് മേൽക്കൂര തകർന്നത്. സ്വന്തം ഭൂമിയിൽ നിന്ന മരമാണ് പുലർച്ചെ അഞ്ചിന് കടപുഴകിയത്. കടപ്ര കൈനിക്കര മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ ആൽമരത്തിന്റെ ശിഖരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണു. ഇവിടെ വൈദ്യുതപോസ്റ്റും ഒടിഞ്ഞ് റോഡിലേക്ക് വീണു. കായപ്പുറം പ്രദേശത്ത് മരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. കടപ്ര, നെടുമ്പ്രം, പെരിങ്ങര, കാവുംഭാഗം എന്നിവിടങ്ങളിൽ പലയിടത്തും വൈദ്യുതി കമ്പികൾ പൊട്ടിവീണു. കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ജോലികൾ ഇന്നലെ വൈകിയും നടന്നുവരികയാണ്.
മരം വീണ് വീട് തകർന്നു, വീട്ടമ്മയ്ക്ക് പരിക്ക്
അടൂർ: കനത്ത കാറ്റിലും മഴയിലും മരം വീടിന് മുകളിൽ കടപുഴകി വീണതിനെ തുടർന്ന് മേൽക്കൂര തകർന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് പരിക്കേറ്റു. അടൂർ വടക്കടത്തുകാവ് എം.എം.ഡി.എം ഐ.ടി.സിക്കു സമീപം ചെറുകുന്നിൽ വീട്ടിൽ സി.പി.രാജന്റെ ഭാര്യ റോസമ്മ (65)യുടെ തലയ്ക്കാണ് പരിക്കേറ്റത്. ഓട് തലയിൽ വീഴുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ഓടിട്ട മേൽക്കൂര പൂർണമായും തകർന്നു. പരിക്കേറ്റ റോസമ്മ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.