അടൂർ: അടൂർ താലൂക്കിൽ നിലവിൽ കെ.എസ്.ആർ.ടി.സി. ബസുകളോ സ്വകാര്യ ബസുകളോ ഇല്ലാത്തതു കാരണമുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ സദസ് നടത്തി. പുതിയ ബസ് റൂട്ടുകൾ തുടങ്ങേണ്ട സ്ഥലങ്ങളുടെ വിവരങ്ങളാണ് സദസിൽ ചർച്ച ചെയ്തത്. പള്ളിക്കൽ,തെങ്ങമം, ഏഴംകുളം തേപ്പുപാറ,കൊടുമൺ എന്നീ പ്രദേശങ്ങളിലേക്ക് അത്യാവശ്യമായി ബസ് സർവീസ് വേണമെന്ന ആവശ്യം ഉയർന്നു. അടൂരിൽ നടന്ന ജനകീയ സദസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭ അദ്ധ്യക്ഷ ദിവ്യാ റെജി മുഹമ്മദ് അദ്ധ്യക്ഷയായി. ജില്ലാ ആർ.ടി.ഒ. എച്ച്.ഹാരിസ്,ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ,പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ, പഞ്ചായത്തംഗങ്ങളായ വി.വിനേഷ്, ജഗദീശൻ,പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ലിജു മംഗലത്ത് എന്നിവർ പ്രസംഗിച്ചു.