പ്രമാടം : കോന്നി -ചന്ദനപ്പള്ളി റോഡിലെ പൂങ്കാവ് അമ്മൂമ്മത്തോട് വളവ് നിവർത്തുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് അലൈൻമെന്റ് സർവേ നടത്തും. ആറ് മാസത്തിനിടെ രണ്ട് മരണങ്ങളും ചെറുതും വലുതുമായ മൂന്ന് ഡസനോളം അപകടങ്ങളും നടന്ന കൊടുംവളവാണിത്. ഇതേക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന്റെ നടപടി. പൂങ്കാവ് ജംഗ്ഷനിൽ നിന്ന് അഞ്ഞൂറു മീറ്റർ അകലെയായി ചന്ദനപ്പള്ളി റോഡിലാണ് അപകട വളവ് .
രണ്ടരവർഷം മുമ്പ് 9.75 കോടി രൂപ ചെലവിൽ പുനർ നിർമ്മിച്ച റോഡാണിത്. കോന്നി മുതൽ ചന്ദനപ്പള്ളി വരെ 12 കിലോമീറ്ററാണ് ദൂരം. പുതിയ റോഡ് നിർമ്മിക്കുമ്പോൾ അലൈൻമെന്റിൽ മാറ്റം വരുത്തി വളവ് നിവർത്തുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായില്ല.