പത്തനംതിട്ട: പൊട്ടിവീണ വൈദ്യുത കമ്പി കഴുത്തിൽ കുരുങ്ങി ബുള്ളറ്റ് യാത്രക്കാരന് പരിക്ക്. ഇന്നലെ ഉച്ചക്ക് 1.30 ന് ഓമല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷന് സമീപമാണ് സംഭവം. കടമ്പനാട് തുവയൂർ തറയിൽ വിളയിൽ റോയിയ്ക്ക് (42) ആണ് പരിക്കേറ്റത്.
പത്തനംതിട്ടയിൽ നിന്നും തുവയൂരിലേക്ക് പോകുമ്പോഴായിരുന്നു ഓമല്ലൂരിൽ വൈദ്യുതലൈൻ പൊട്ടിവീണത്. കമ്പി കഴുത്തിൽ കുരുങ്ങിയതോടെ ബുള്ളറ്റിൽ നിന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കഴുത്തിൽ ആഴമേറിയ മുറിവുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈനുകൾ കൂട്ടിമുട്ടി ഫ്യൂസ് പോയതിനാലാണ് വൻ അപകടം ഒഴിവായത് . സമീപത്തെ തെങ്ങിന്റെ ഉണങ്ങിയ ഓല വീണാണ് ലൈൻ പൊട്ടിവീണത്.