പത്തനംതിട്ട : വിപണിയിൽ ലഭ്യമാകുന്ന നിർമ്മാണ
വസ്തുക്കളുടെ ഉല്പാദന കേന്ദ്രങ്ങളിൽ നിശ്ചിത യോഗ്യതയുള്ള ഉല്പന്നങ്ങൾ
മാത്രം ഉല്പാദിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ സർക്കാർ മുൻകൈ എടുക്കണമെന്ന് കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തികളുടെ ഓരോഘട്ടത്തിലും കർശനമായ
ഗുണനിലവാര പരിശോധന നിർബന്ധമാക്കിയിരിക്കുകയാണ്. സിമന്റ്, സ്റ്റീൽ,
ടാർ, ക്വാറി ഉല്പന്നങ്ങൾ, ചുവന്ന മണ്ണ് തുടങ്ങിയവയും അവ ഉപയോഗിച്ച്
നിർമ്മിക്കുന്ന വസ്തുക്കളുടെയും ഗുണനിലവാര സർട്ടിഫിക്കറ്റുകൾ
കരാറുകാർ ഹാജരാക്കിയാൽ മാത്രമേ ബില്ലുകൾ സ്വീകരിക്കപ്പെടുകയുള്ളു.
ഇതിനു പുറമേ വകുപ്പ് തലങ്ങളിലുള്ള ടെസ്റ്റുകളും നിർബന്ധമാണ്. നിർമ്മാണ
വസ്തുക്കൾ നിശ്ചിതഗുണമേന്മയോടുകൂടിയതല്ലെങ്കിൽ ഗുണമേന്മാ പരിശോധന
കളിൽ പരാജയപ്പെടും. നിരവധി കരാറുകാരുടെ ബില്ലുകൾ ഇതുമൂലം
തടയപ്പെട്ടിരിക്കുകയാണ്. നിർമ്മാണ വസ്തുക്കളുടെ ബില്ലുകളോടൊപ്പം അവയുടെ ഗുണനിലവാര സർട്ടിഫിക്കേറ്റു കൂടി നിർബന്ധമാക്കണമെന്നും ആവശ്യമുയർന്നു. കെ. ജി. സി. എ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അനിൽ ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി തോമസ് കുട്ടി തേവരു മുറിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി.അജികുമാർ വള്ളിക്കോട് സ്വാഗതം പറഞ്ഞു. സാബു കണ്ണംകുഴയത്ത്, എൻ.പി.ഗോപാലകൃഷ്ണൻ, സപ്റു കെ.ജേക്കബ്, ജോജി തോമസ്
എന്നിവർ പ്രസംഗിച്ചു.