കോന്നി: പരിസ്ഥിതി പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ സലിൽ വയലത്തലയുടെ വീടിനുള്ളിലും പുറത്തും ഏത് കൊടും വേനലിലും സദാ തണുപ്പാണ്. മരങ്ങളൊരുക്കുന്ന 'പ്രകൃതി ദത്തമായ എ.സിയാണ് ' ഇതെന്ന് സലിൽ പറയും. കോന്നി ടൗണിനോട് ചേർന്ന മങ്ങാരം വയലത്തല വീട് നാട്ടുകാർക്കും കൗതുകമാണ്.
വീടിനുചുറ്റും നിരവധി വൃക്ഷങ്ങളും ചെടികളും വള്ളിപ്പടർപ്പുകളും കൊണ്ട് കാവിനു സമാനമായ അന്തരീക്ഷം ഒരുക്കിയിരിക്കുകയാണ് സലിൽ . വീടും പരിസരവും നിറഞ്ഞ പച്ചപ്പിന്റെ സൗന്ദര്യം ആരെയും ആകർഷിക്കും. . 50 വർഷത്തിലേറെയായി വീടിനു ചുറ്റും മരങ്ങളും ചെടികളും നട്ടുവളർത്താൻ തുടങ്ങിയിട്ട്. വിവിധതരം പ്ലാവുകൾ, മാവുകൾ, തേക്ക് ആഞ്ഞിലി, മഹാഗണി, പുളി, മഞ്ചാടി, രക്തചന്ദനം, വിവിധതരം ചാമ്പകൾ, വിവിധതരം ഔഷധസസ്യങ്ങൾ, വനത്തിൽ മാത്രം കാണുന്ന അപൂർവയിനം വൃക്ഷങ്ങൾ എന്നിവയാണ് വീടിന്റെ പരിസരത്തുണ്ട്. വൃക്ഷങ്ങളിലെ പഴങ്ങൾ കഴിക്കാനായി നിരവധി പക്ഷികളും മറ്റും പുലർച്ചെ മുതൽ ഇവിടെയെത്തും. രാവിലെ ഇവിടുത്തെ പക്ഷികളുടെയും മറ്റ് ജീവികളുടെയും ശബ്ദം കേട്ടുകൊണ്ടാണ് വീട്ടുകാരും സമീപവാസികളും ഉണരുന്നത്. തന്റെ കുടുംബം മുഴുവൻ തന്നോടൊപ്പം പ്രകൃതിയെ സ്നേഹിക്കുന്നതിന്റെ ഫലം പ്രകൃതിയും തിരിച്ചു നൽകുന്നതായി അദ്ദേഹം പറയുന്നു. വീട് ടൗണിനോട് ചേർന്നാണെങ്കിലും നല്ല ശുദ്ധ വായു ലഭിക്കുന്നു. മണ്ണിൽ നിരവധി സൂക്ഷ്മ ജീവികളും ഉണ്ട്. മരങ്ങളിൽ നിറയെ കായ്ഫലവും. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനും കോന്നി പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റുമായ സലിൽ വയലത്തല അരുവപ്പുലം ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ മുൻ മാനേജിങ് ഡയറക്ടറാണ്. അമ്മ: രാജമ്മ. ഭാര്യ: കവിത. മക്കൾ: അഞ്ചിത, അർച്ചിത