mvd

അടൂർ : ആകെയുള്ള രണ്ട് വാഹനങ്ങളും കട്ടപ്പുറത്തായതോടെ അടൂരിൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനം താറുമാറായി. 15 വർഷം കഴിഞ്ഞ ഫിറ്റ്നസ് അവസാനിച്ച ഒരു വാഹനം ഓഫീസിന് വെളിയിൽ കിടക്കാൻ തുടങ്ങിയിട്ട് ആറുമാസത്തോളമാകുന്നു. രണ്ടാമത്തെ വാഹനം ഇഞ്ചക്ടർ കേടായി കോഴഞ്ചേരിയിലെ വാഹനഷോറൂമിലായിട്ട് ഒരുമാസമായി. ഇതുവരെയും അറ്റകുറ്റപ്പണിക്കുള്ള ക്വട്ടേഷൻ പോലുമായില്ല.

മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് രണ്ട് വാഹനങ്ങളുണ്ട്. ഒന്ന് ഇലക്ട്രിക് വാഹനമാണ്. അത് പ്രവർത്തനരഹിതവും. രണ്ടാമത്തെ വാഹനം മിക്കവാറും ദിവസങ്ങളിൽ വഴിയിൽ കുടുങ്ങും.

നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന അടൂരിലും പരിസരപ്രദേശങ്ങളിലും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകളും, നിരീക്ഷണങ്ങളും ശക്തമാക്കേണ്ടതുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ അതിന് കഴിയുന്നില്ല.

പുതിയ വാഹനങ്ങൾ വാങ്ങുവാനുള്ള നടപടിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും എങ്ങുമെത്താത്ത സ്ഥിതിയാണ്. സമയബന്ധിതമായി നടപടികൾ പൂർത്തിയാകാത്തതും, സാങ്കേതിക തടസങ്ങളുമാണ് പുതിയ വാഹനങ്ങൾ ഡിപ്പാർട്ട്മെന്റിലേക്ക് വരാത്തതിന് കാരണം. കേടായ വാഹനങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തിയും ആവശ്യമായ പുതിയ വാഹനങ്ങൾ വാങ്ങിയും നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

-------------

അപകടമേറെ, പരിശോധനയില്ല

കഴിഞ്ഞ ഒരുമാസത്തിനിടെ അടൂർ ബൈപ്പാസിലും കെ.പി റോഡിലെ കരുവാറ്റ ഭാഗത്തുമായി അഞ്ചുപേരാണ് വാഹനാപകടങ്ങളിൽ മരിച്ചത്. വാഹനങ്ങളുടെ അമിതവേഗവും അനധികൃത പാർക്കിംഗുമാണ് അപകടങ്ങൾക്ക് കാരണം. വാഹന പരിശോധനയും ബോധവത്കരണ പരിപാടികളും, സ്കൂൾ കോളേജ്, സർക്കാർ ഓഫീസ്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിലുള്ള സെമിനാറുകളും മറ്റും നടത്തേണ്ട ചുമതലയുണ്ടെങ്കിലും വാഹനങ്ങൾ ഇല്ലാത്തതിനാൽ ഇതിനൊന്നും കഴിയുന്നില്ല.

2 വാഹനങ്ങൾ കട്ടപ്പുറത്ത്,

നടപടികളിലെ സാങ്കേതിക തടസം പ്രശ്നമാകുന്നു