പത്തനംതിട്ട : ജില്ലയിലെ സ്വകാര്യ ബസുകളിൽ ഇന്നലെ ടിക്കറ്റ് ഇല്ലായിരുന്നു. ടിക്കറ്റിനുള്ള തുകയോ അതിൽ കൂടുതലോ ജീവനക്കാർ കൊണ്ടുവന്ന ബക്കറ്റിലേക്ക് ഇടാം. ആരെയും നിർബന്ധിക്കില്ല. ലഭിച്ച മുഴുവൻ തുകയും വയനാടിനായി നൽകുകയാണ് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും. ഒരു ദിവസത്തെ ബസിന്റെ വരുമാനം മുഴുവൻ വയനാടിനായി നൽകി. ദുരിത ബാധിതർക്ക് വീട് വച്ച് നൽകാനാണ് ഈ തുക ഉപയോഗിക്കുന്നത്. ജില്ലയിൽ ആകെ 350 ബസുകൾ സർവീസ് നടത്തുന്നുണ്ട്. എല്ലാ ബസുകളും ഈ പദ്ധതിയിൽ പങ്കാളികളായിട്ടുണ്ട്. തുക ശേഖരിച്ച് സംസ്ഥാന കമ്മിറ്റിക്കാണ് കൈമാറുക. ശേഷം വയനാട്ടിലെ 25 കുടുംബങ്ങൾക്ക് പ്രൈവറ്റ് ബസ് അസോസിയേഷൻ നേരിട്ട് വീട് വച്ച് നൽകും. പ്രളയ സമയത്ത് 75 ലക്ഷം രൂപ ഇങ്ങനെ സ്വകാര്യബസുകൾ സമാഹരിച്ച് നൽകിയിരുന്നു.
ബക്കറ്റുമായി നിൽക്കുന്നതുകണ്ട് ചിലർക്കൊക്കെ സംശയം ഉണ്ടായിരുന്നു. ഇത് ഞങ്ങൾക്കാണോയെന്നൊക്കെ. പക്ഷെ ടിക്കറ്റ് ചാർജ് ഇട്ടാലും മതിയെന്ന് പറഞ്ഞതോടെ എല്ലാവരും സഹകരിച്ചു. വയനാടിന് നൽകാനായി കൂടുതൽ തുക നൽകിയവരും ഉണ്ട്.
നിഷാദ്, ബസ് ജീവനക്കാരൻ
350 ബസുകളുടെ പങ്കാളിത്തം
കാരുണ്യയാത്ര
പത്തനംതിട്ട : ജില്ലയിലെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കാരുണ്യ യാത്രയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും പത്തനംതിട്ട ആർ.ടി.ഓ എച്ച്.അൻസാരി നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് ഷാജി വേണാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാലു മാത്യു, എ.എം.വി.ഐ എസ്.ഷമീം , വൈസ് പ്രസിഡന്റ് പ്രമോദ് കൃഷ്ണ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോൺ മാത്യു, എസ്.ഷിബു, സുനിൽ ആവേ മരിയാ, പി.ആർ. രാധാകൃഷ്ണൻ നായർ, എസ്.ഷിജു , ഷാൻ ചേത്തയ്ക്കപ്പറമ്പിൽ, ടി.എ.സജു എന്നിവർ പങ്കെടുത്തു.