തിരുവല്ല : സന്ധ്യ മയങ്ങിയാൽ പിന്നെ നഗരത്തിലെ തെരുവുകളിലൂടെയുള്ള യാത്ര ദുഷ്കരമാണ്. വെളിച്ചമില്ലാത്തതാണ് പ്രധാന പ്രശ്നം. വ്യാപാര സ്ഥാപനങ്ങൾകൂടി അടയ്ക്കുന്നതോടെ നഗരവും വഴിയോരങ്ങളും കൂരിരുട്ടിലാകും. അക്രമങ്ങളും മോഷണവും നടത്താൻ ഈ സമയത്തിനായി കാത്തിരിക്കുകയാണ് സാമൂഹ്യവിരുദ്ധ സംഘങ്ങൾ. തിരക്കേറിയ എം.സി റോഡിലെയും നഗരത്തിലെയും വഴിവിളക്കുകൾ തകരാറിലായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ നഗരസഭ തയ്യാറായിട്ടില്ല. പട്ടണത്തിലെ പ്രമുഖ വസ്ത്രശാലകളിലും മറ്റും തൊഴിലെടുത്തു മടങ്ങുന്ന നൂറുകണക്കിന് യുവതികൾ ഉൾപ്പെടെയുള്ളവർ നഗരത്തിലൂടെ പോകാൻ വെളിച്ചമില്ലാതെ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയാണ്. ഇരുട്ടിലൂടെ പോകാൻ ഭയമാണെങ്കിലും ഗത്യന്തരമില്ലാതെയാണ് പലരുടെയും യാത്ര. രാത്രികാലങ്ങളിലെ മിക്ക അപകടങ്ങൾക്കും കാരണം വെളിച്ചമില്ലാത്തതാണ്. റോഡിൽ ലൈറ്റ് ഡിം ചെയ്യാതെ എതിരെവരുന്ന വാഹനങ്ങളും അപകടമുണ്ടാക്കുന്നു. വാഹനത്തിന്റെ വെളിച്ചത്തിൽ യാത്ര ചെയ്യുമ്പോൾ ദൂരക്കാഴ്ച ലഭിക്കാത്തതിനാൽ മിക്കപ്പോഴും അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്.
എം.സി റോഡിൽ നരകയാത്ര
ഏഴുവർഷം മുൻപ് എം.സി റോഡ് ഉന്നത നിലവാരത്തിൽ നവീകരിച്ചപ്പോൾ കെ.എസ്.ടി.പി സ്ഥാപിച്ച വഴിവിളക്കുകളെല്ലാം അണഞ്ഞു. സ്ഥാപിച്ച ആദ്യവർഷം ഇവയിൽ മിക്കവയും പ്രവർത്തിച്ചിരുന്നു. ഇടിഞ്ഞില്ലം മുതൽ കുറ്റൂരിൽ വരട്ടാർ പാലം വരെ നൂറോളം സൗരോർജ വിളക്കുകളാണ് സ്ഥാപിച്ചത്. അറ്റകുറ്റപ്പണികൾ ഇല്ലാത്തതിനാൽ ഇതിൽ ഒന്നുപോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കൊല്ലം - തേനി ദേശീയപാത അധികൃതർക്കാണ് എം.സി റോഡിന്റെ മേൽനോട്ട ചുമതല. ഇതുകാരണം എം.സി റോഡിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ആരുമില്ലാത്ത സ്ഥിതിയാണ്. തദ്ദേശ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പ് അധികൃതരും യാത്രക്കാരുടെ ദുരിതത്തെ കണ്ടില്ലെന്ന് നടിക്കുന്നു. വിളക്കില്ലാതെ നിൽക്കുന്ന തൂണുകൾ പലതും തുരുമ്പിച്ച് ദ്രവിച്ച നിലയിലാണ്. ഇവയും യാത്രക്കാർക്ക് ഭീഷണിയാണ്. എം.സി റോഡിന്റെ ചിലഭാഗങ്ങളിൽ വിളക്കില്ലാത്ത തുരുമ്പിച്ച തൂണുകൾ ഒടിഞ്ഞുവീണിട്ടുണ്ട്.
പെരുന്തുരുത്തിയിൽ വഴിതെറ്റും
എം.സി റോഡിൽ നിന്ന് പുതുപ്പള്ളി റോഡിലേക്ക് പ്രവേശിക്കുന്ന പെരുന്തുരുത്തിയിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ കൂരിരുട്ടാണ്. ഇതുകാരണം രാത്രികാല യാത്രക്കാർക്ക് തിരിഞ്ഞുപോകേണ്ട സ്ഥലം മനസിലാകാതെ ഇവിടെ വഴിതെറ്റിപ്പോകുന്നത് പതിവാണ്. സന്ധ്യയാകുന്നതോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഇരുട്ടിലാകും.