college

തിരുവല്ല : വൈദ്യശാസ്ത്രത്തിന്റെ വിവിധ മേഖലകളെയും നൂതന സാങ്കേതികവിദ്യകളെയും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിചയപ്പെടുത്തുന്നതിനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് നടത്തിവരുന്ന 'മെഡിഫെസ്റ്റ് 24' മെഡിക്കൽ എക്സിബിഷന്റെ മൂന്നാം എഡിഷന്റെ പ്രാരംഭ ചടങ്ങുകൾ നടന്നു. മെഡിഫെസ്റ്റ് 24ന്റെ ലോഗോ പ്രകാശനം കാൻസർ രോഗവിദഗ്ദ്ധനും എഴുത്തുകാരനുമായ ഡോ.വി.പി.ഗംഗാധരൻ നിർവഹിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ക്യാമ്പസ് പ്രദർശന വേദിയാകുന്ന മെഡിഫെസ്റ്റ് 24, സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 1വരെ നടക്കും. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കും ശാസ്ത്രസംബന്ധമായ അറിവുകൾ നേടാനാഗ്രഹിക്കുന്ന സാധാരണക്കാർക്കും വൈദ്യശാസ്ത്രവും അതിലെ നൂതനസാങ്കേതിക വിദ്യകളും അടുത്തറിയുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര നിലവാരമുള്ള മെഡിക്കൽ എക്സിബിഷൻ ഒരുക്കുന്നത്. മെഡിക്കൽ കോളേജിലെ 54 വിഭാഗങ്ങളുടെ സ്റ്റാളുകൾ ഉൾപ്പെടെ 150 സ്റ്റാളുകളിലാണ് പ്രദർശനം ക്രമീകരിക്കുന്നത്. മെഡിഫെസ്റ്റിന്റെ മുൻ എഡീഷനിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതിനായിരത്തിലധികം സന്ദർശകരാണ് എത്തിച്ചേർന്നത്. കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മുൻനിരയിൽ നിൽക്കുന്ന ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മെഡിഫെസ്റ്റിന് നേതൃത്വം നൽകുന്നത്. രാജ്യത്തുതന്നെ ചുരുക്കം ഇടങ്ങളിൽ മാത്രം ലഭ്യമായിരിക്കുന്ന റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനത്തിൻറെ പ്രദർശനം, മെഡിക്കൽ രംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തനരീതികൾ, ഫോറൻസിക് സിമുലേഷൻ, മനുഷ്യ ശരീരത്തിന്റെ വിശദമായ റിവ്യൂ എന്നിവ സാധാരണക്കാർക്ക് നേരിട്ടു കാണുവാനും മെഡിക്കൽ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ ആരോഗ്യമേഖലയിൽ ചെലുത്തുന്ന സ്വാധീനം മനസിലാക്കുവാനും മെഡിഫെസ്റ്റ് അവസരം ഒരുക്കും. ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രദർശനസമയം. കൂടുതൽ വിവരങ്ങൾക്ക് www.bcmch.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, അല്ലെങ്കിൽ +91 81 2954 2223 എന്ന നമ്പരിൽ ബന്ധപ്പെടുകയോ, medifest2024@bcmch.edu.in ൽ ഇമെയിൽ അയയ്ക്കുകയോ ചെയ്യുക.