മെഴുവേലി : പഠനത്തോടൊപ്പം കൃഷിയിലും മികവ് പുലർത്തുകയാണ് മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥി ഷാരോൺ. കർഷകദിനമായ ചിങ്ങം ഒന്നിന് മെഴുവേലി ഗ്രാമപഞ്ചായത്ത് ഇൗ കുട്ടിക്കർഷകനെ ആദരിച്ചു. പ്രസിഡന്റ് പിങ്കി ശ്രീധറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ കർഷക പുരസ്‌കാരം നൽകി.
പിതാവ് മെഴുവേലി കൊടുവാശ്ശേരിൽ ബിബിൻ പൊന്നുസ് മാതൃകാ കർഷകനാണ്. അദ്ദേഹത്തിന്റെ സഹായത്തോടെ ഷാരോൺ വാഴ, ഇഞ്ചി, ചേന, ചേമ്പ്, കപ്പ, കുരുമുളക്, പയർ, പാവൽ, കോവൽ, ചീര എന്നിവ ജൈവരീതി അവലംബിച്ച് കൃഷിചെയ്തു. നിത്യേനയുള്ള പരിചരണം കൂടി നൽകിയതോടെ കാർഷിക വിളകളെല്ലാം നൂറുമേനി വിളഞ്ഞു. അവധി ദിനങ്ങളിലും പഠനത്തിനുശേഷം കിട്ടുന്ന സമയങ്ങളിലും കൃഷിയിടത്തിൽ ചെലവഴിക്കുന്ന ഷാരോണിന് വലിയ കാർഷിക സ്വപ്നങ്ങളാണുള്ളത്. കുട്ടിക്കർഷകനായി തിരഞ്ഞെടുത്ത ഷാരോണിനെ സ്‌കൂൾ പ്രിൻസിപ്പൽ ശോഭാപണിക്കർ, എച്ച്.എം ടി.കെ.പ്രശോഭ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ അഭിനന്ദിച്ചു.